Timely news thodupuzha

logo

ഹൈറേഞ്ചിന്റെ കുടിയേറ്റമുത്ത് വിടപറഞ്ഞു

കട്ടപ്പന: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റക്കാരനും കട്ടപ്പന ഗ്രാമപഞ്ചായത്തിന്റെ ആദ്യത്തെ ഭരണസമിതിയിലെ അവശേഷിക്കുന്ന ഏക മെമ്പറും സ്കൂൾ വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ലൂക്കോസ്(മണിയങ്ങാട്ട് പാപ്പച്ചൻ – 91) അന്തരിച്ചു. പിതൃ സഹോദരനായ മാത്യു മണിയങ്ങാടൻ എം.പിക്കൊപ്പം ജവഹർലാൽ നെഹ്റു നിയമിച്ച മണിയങ്ങാടൻ കമ്മീഷന്റെ ഭാഗമായി ഇടുക്കി പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ കുടിയിറക്കപ്പെട്ട എല്ലാ കർഷകർക്കും വളരെ നല്ല കോമ്പൻസേഷൻ വാങ്ങി കൊടുക്കുവാൻ കമ്മീഷനോടൊപ്പം പദ്ധതി പ്രദേശങ്ങളിൽ മുഴുവൻ സന്ദർശനം നടത്തുകയും കുടിയിറക്കപ്പെട്ട കർഷകർക്ക് പകരം സ്ഥലവും നല്ല തോതിൽ നഷ്ട പരിഹാരവും മേടിച്ച് കൊടുക്കുവാൻ സാധിച്ചതും ഇദ്ദേഹത്തിൻ്റെ ശ്രമഫലമായാണ്.

ആരോഗ്യ രംഗത്ത് വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കട്ടപ്പനയിലെ ഗവൺമെൻ്റ് ആശുപത്രിക്ക് നിർമ്മാണ അനുമതി ലഭിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ കൺവീനർ സ്ഥാനം വഹിക്കുകയും ചെയ്തു. ആരാധനാ സൗകര്യത്തിന് വേണ്ടി വള്ളക്കടവ് സെൻ്റ് ആൻ്റണീസ് പള്ളിക്ക് വേണ്ടിയും വിദ്യാഭ്യാസത്തിനായി സെൻ്റ് ആൻ്റണീസ് എൽ.പി, യു.പി സ്കൂളുകൾക്കും സ്ഥലം വിട്ട് കൊടുക്കുകയും അങ്ങനെ ദേവാലയവും സ്കൂളുകളും നിർമ്മിക്കപ്പെടുകയും ചെയ്തു.

നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിൽ വളരെക്കാലം പി.ടി.എ പ്രസിന്റായിട്ടിരിക്കുകയും സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളിൽ കാര്യമായി സംഭാവനകൾ നടത്തി. വള്ളക്കടവ് ഭാഗത്ത് വൈദ്യുതി കൊണ്ട് വരുന്നതിന് വേണ്ടി വളരെ നാളുകൾ മെനക്കെടുക്കുകയും, കമ്മിറ്റി കൺവീനറായി പ്രവർത്തിക്കുകയും വൈദ്യുതി കണക്ഷൻ ലഭ്യമാക്കുകയും ചെയ്തു.

കട്ടപ്പന ഗ്രാമപഞ്ചായത്തിന്റെ ആദ്യകാല ഭരണ സമിതിയിൽ തുടർച്ചയായി 16 വർഷം മെമ്പറായിരുന്ന സമയത്ത് പഞ്ചായത്തിൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻകൈ എടുത്തിട്ടുണ്ട്. ഇന്ന് കാണുന്ന കട്ടപ്പന നഗരസഭയുടെ അടിസ്ഥാനമിട്ടതിൽ പ്രധാന പങ്കാളിയാണ്. ഏറ്റവും നല്ല ആദ്യകാലത്തെ കരിമ്പ് കർഷകനും നെൽ കൃഷിക്കാരനും കുരുമുളക് കൃഷിക്കാരനും കൊക്കോ കൃഷിക്കാരനുമുള്ള അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൃഷിക്കാരന്റെ പട്ടയഭൂമിയിലെ സ്വയം വളർത്തിയ മരങ്ങൾ വനംവകുപ്പ് വെട്ടികൊണ്ട് പോകുന്നതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി, ഇത് അനേകം കർഷകർക്ക് പ്രയോജനപ്പെട്ടിരുന്നു.

ഹൈറേഞ്ചിലെ നാനാവിധ വികസന പ്രവർത്തനങ്ങളിൽ വളരെ ദീർഘനാൾ ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി പ്രവർത്തിക്കുകയും മദ്യവർജനത്തിന് വേണ്ടി പല മുന്നേറ്റങ്ങളും നടത്തുകയും ചെയ്തു. 12 മക്കളുടെ പിതാവായ അദ്ദേഹത്തിന് സ്വാർത്ഥ താൽപ്പര്യങ്ങൾ ഒന്നുമില്ലായിരുന്നു. തികച്ചും ഒരു ഗാന്ധിയനായ ലൂക്കോസ് മണിയങ്ങാടന്റെ വേർപാട് ഹൈറേഞ്ചിന് ഒരു തീരാദുഃഖമായി അവശേഷിച്ചിരിക്കുകയാണ്.

ഭൗതിക ശരീരം 21/6/2024 വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ കൊണ്ടുവരും. സംസ്കാരം22/6/2024 ശനിയാഴ്ച രാവിലെ 10.45ന് വീട്ടിൽ ആരംഭിച്ച് വള്ളക്കടവ് സെൻ്റ് ആൻറണീസ് സിമിത്തേരിയിൽ.

Leave a Comment

Your email address will not be published. Required fields are marked *