Timely news thodupuzha

logo

ബി.ജെ.പിക്ക് സീറ്റ് നേടാനായത് അത്യന്തം അപകടകരമെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് നേടാനായത് അത്യന്തം അപകടകരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

എസ്എന്‍ഡിപിയിലെ നേതൃത്വം ഉള്‍പ്പെടെ ഇക്കുറി സംഘപരിവാറും ബിജെപിക്കും വോട്ട് ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. യുഡിഎഫിന് 18 സീറ്റ് നേടാന്‍ കഴിഞ്ഞു. ഒരു സീറ്റ് ബിജെപി നേടി എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ.

ദേശീയ രാഷ്ട്രീയം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യുന്നതാണ് കേരള ജനതയുടെ പ്രത്യകത. ഇന്ത്യ സംഖ്യം ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ തലത്തില്‍ ഏറ്റുമുട്ടുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഏറ്റുമുട്ടുന്നത് പരിമിതിയായി.

കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണെന്ന ജനങ്ങളുടെ ബോധം തെരഞ്ഞെടുപ്പ് വിജയത്തിന് പ്രതികൂലമായി ബാധിച്ചു.

ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ഒരു മുന്നണി പോലെ യുഡിഎഫിനും ലീഗിനുമൊപ്പം പ്രവര്‍ത്തിച്ചു. ഇതു ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.

ഇതിനെ ചെറുക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയണം വ്യത്യസ്ത ജാതി വിഭാഗങ്ങള്‍, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിഭാഗീയമായ രീതിയില്‍ വര്‍ഗീയ ശക്തികള്‍ക്കു കീഴ്‌പ്പെടുന്ന നിലപാടിലേക്ക് എത്തി.

ആര്‍എസ്എസിന്റെ വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങളിലേക്ക് ഈ വിഭാഗം എത്തി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ രൂപീകൃതമായ എസ്എന്‍ഡിപിയിലെ ഒരു വിഭാഗം സംഘപരിവാറിന് അനുകൂലമായി. ബിഡിജെഎസിന്റെ രൂപീകരണത്തോടെ ബിജെപി ആസൂത്രിതമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വിഭാഗം ബിജെപിക്കു വേണ്ടി ഇടപെട്ടു.

ക്രൈസ്തവരിലെ ഒരു വിഭാഗവും ബിജെപിക്ക് അനുകൂലമായി മാറി. ചില മേഖലകളില്‍ ബിഷപ്പുമാരുള്‍പ്പെടെ അവരുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തു. തൃശൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ വിഭാഗത്തിന്റേതാണ്.

വര്‍ഗീയമായ ധ്രുവീകരണത്തിന് ജാതീയമായി മാത്രമല്ല മതപരമായ വിഭാഗത്തെയും ഉപയോഗിച്ചു. പരാജയത്തിന് ഇടായായ കാര്യങ്ങള്‍ കണ്ടു കൊണ്ട് ജാഗ്രതയോടെ ഗൗരപൂര്‍വ്വം ജനങ്ങളെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *