Timely news thodupuzha

logo

പൊതു പരീക്ഷകളിലെ തട്ടിപ്പ് തടയാൻ പുതിയ നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർച്ചകൾ തുടർകഥകളാകുന്ന സാഹചര്യത്തിൽ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ട് ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം(പബ്ലിക് എക്‌സാമിനേഷൻ ആക്ട് 2024) വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ.

കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബിൽ ഫെബ്രുവരി ആറിന് ലോക്സഭയിലും ഫെബ്രുവരി ഒമ്പതിന് രാജ്യസഭയും പാസാക്കുകയായിരുന്നു.

ഇരു സഭകളുടെയും അംഗീകാരത്തിന് ശേഷം ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിൽ ഒപ്പ് വെയ്ക്കുകയും ചെയ്തിരുന്നു. നിയമം വെള്ളിയാഴ്ച(ജൂൺ 21) ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തതോടെ ഇപ്പോൾ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്.

നടപടി കർശനമാക്കുന്നതിൻറെ ഭാഗമായി എല്ലാ കുറ്റങ്ങൾക്കും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാൻ സാധിക്കും. സംഘടിത കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും.

വ്യക്തി ഒറ്റയ്ക്ക് ചെയ്ത കുറ്റമാണെങ്കിൽ കുറഞ്ഞ ശിക്ഷ അഞ്ച് വ‍ർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. ഉത്തരക്കടലാസുകൾ വികൃതമാക്കുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറ‌ഞ്ഞത് മൂന്ന് വർഷം തടവ് ലഭിക്കും.

ഇത് അഞ്ച് വർഷം വരെ ദീർഘിപ്പിക്കുകയും 10 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവും. കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാത്ത പരീക്ഷാ സേവന ദാതാക്കൾക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമം അനുശാസിക്കുന്നു.

ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥൻ കുറ്റം ചെയ്യാൻ അനുവദിക്കുകയോ കുറ്റകൃത്യത്തിൽ പങ്കാളിയാകുകയോ ചെയ്തതായി തെളിഞ്ഞാൽ, ഉദ്യോഗസ്ഥന് മൂന്ന് വർഷം മുതൽ 10 വർഷം വരെ തടവും ഒരു കോടി രൂപ പിഴ ചുമത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവർ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.റ്റി തുടങ്ങിയ പ്രവേശനപരീക്ഷകളിലും പേപ്പർ ചോർച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് നിയമത്തിൻറെ ലക്ഷ്യം.

ചോദ്യ പേപ്പർ, ഉത്തരസൂചിക, ഒ.എം.ആർ ഷീറ്റ് എന്നിവ ചോർത്തൽ, അതുമായി ബന്ധപ്പെട്ട ഗുഢാലോചനയിൽ പങ്കെടുക്കൽ, ആൾമാറാട്ടം, കോപ്പിയടിക്കാൻ സഹായിക്കുക, ഉത്തര സൂചിക പരിശോധന അട്ടിമറിക്കൽ, മത്സര പരീക്ഷയ്ക്ക് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള ചട്ടങ്ങളുടെ ലംഘനം, റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട രേഖകളിലെ തിരിമറി, പരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാസംവിധാനങ്ങളുടെ ലംഘനം, പരീക്ഷാ ഹാളിലെ ഇരിപ്പിടം, തീയതി, പരീക്ഷ ഫിഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, വ്യാജ വെബ്സൈറ്റ് സൃഷ്ടിക്കൽ, വ്യാജ അഡ്മിറ്റ് കാർഡുകൾ, പണലാഭത്തിനായുള്ള കത്തിടപാടുകൾ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *