Timely news thodupuzha

logo

ലോക്സഭാ സ്പീക്കർ ആരാണെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ സ്പീക്കർ ആരെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ബുധനാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പിന്തുടരുന്ന ശൈലിപ്രകാരം ഇത്തവണയും ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല.

സ്പീക്കർ സ്ഥാനം റ്റി.ഡി.പിക്ക് വിട്ടുകൊടുക്കില്ലെന്ന് ബി.ജെ.പി വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എൻ.ഡി.എ പ്രതികരിച്ചിട്ടില്ല.

പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്തബ്, മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന നേതാവുമായ രാധാമോഹൻ സിങ്ങ്, ബി.ജെ.പി ആന്ധ്രപ്രദേശ് ഘടകം അധ്യക്ഷ ഡി പുരന്ദേശ്വരി എന്നിവരുടെ പേരാണ് സ്പീക്കർ സ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്നത്.

പതിനേഴാം ലോക്സഭയെ നയിച്ച ഓം ബിർളയ്ക്ക് രണ്ടാമൂഴം നൽകുന്നതും തള്ളിക്കളയാനാവില്ല. മുതിർന്ന നേതാക്കൾ എന്നതാണ് മഹ്തബിനും രാധാമോഹൻ സിങ്ങിനുമുള്ള പരിഗണന.

റ്റി.ഡി.പിയെ അനുനയിപ്പിക്കാനുള്ള സ്ഥാനാർഥിയെന്നതാണ് പുരന്ദേശ്വരിക്കുള്ള പ്രാധാന്യം. ആന്ധ്രയിൽ നിന്നുള്ള നേതാവ് എന്നതിന് പുറമേ റ്റി.ഡി.പി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്‍റെ ഭാര്യാ സഹോദരി കൂടിയാണു പുരന്ദേശ്വരി.

കഴിഞ്ഞ സർക്കാരിന്‍റെ അവസാന കാലത്ത് പ്രതിപക്ഷാംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കിയതൊഴിച്ചാൽ പൊതുവേ സമ്മതനാണ് ഓം ബിർള. സൗമ്യനായ ബിർളയ്ക്ക് പ്രതിപക്ഷം ആദരവ് നൽകിയിരുന്നു.

രണ്ട് പതിറ്റാണ്ടിനിടെ സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്പീക്കറെന്നതും ബിർളയ്ക്കുള്ള സവിശേഷത. 1998ലും 1999ലും സ്പീക്കറായ ജി.എം.സി ബാലയോഗിയാണ് ഈ പട്ടികയിൽ ബിർളയുടെ മുൻഗാമി.

2002ൽ അദ്ദേഹം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്ന് സ്പീക്കറായ മനോഹർ ജോഷിക്ക് 2004ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനായിരുന്നില്ല.

2004 – 2009ൽ സ്പീക്കറായിരുന്ന സി.പി.എം നേതാവ് സോമനാഥ് ചാറ്റർജി അവസാന കാലത്ത് പാർട്ടിയോട് അകന്നതിന്‍റെ പേരിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. 2009ൽ സ്പീക്കറായ മീര കുമാർ 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ സഭയിലെത്താനായില്ല.

തുടർന്ന് സ്പീക്കറായ സുമിത്ര മഹാജന് 2019ൽ ബി.ജെ.പി സീറ്റ് നൽകിയില്ല. എന്നാൽ, ഓം ബിർള ഇത്തവണയും രാജസ്ഥാനിലെ കോട്ടയിൽ നിന്ന് വിജയിച്ച് സഭയിലെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *