തൊടുപുഴ: വാർധക്യത്തിൽ ഒറ്റപ്പെട്ട് പോകുന്ന മാതാപിതാക്കളെ സ്വഭവനത്തിൽ തന്നെ സംരക്ഷിക്കുന്നതിനായി ലൗലി ഹോം ചാരിറ്റീസിന്റെ നേതൃത്വത്തിൽ തറവാട് വീടെന്ന സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നു. തൊടുപുഴ ചാലംകോട് റോഡിൽ കാരിക്കോട് എസ്.ബി.ഐ റിട്ടയേഡ് മാനേജർ വി.ജെ മാണിയുടെ വീടിന്റെ ഫസ്റ്റ് ഫ്ലോറിലാണ് ഓഫീസ്.
രോഗാവസ്ഥയിൽ ഉള്ളവരെ ആശുപത്രിയിലെത്തിച്ച് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, മാസത്തിൽ ഒരിക്കൽ ജനറൽ ഹെൽത്ത് ചെക്കപ്പ് – ബി.പി, ഷുഗർ, സാച്ചുറേഷൻ തികച്ചും സൗജന്യമായി നൽകുക, ആവശ്യമെങ്കിൽ ലാബ് സാമ്പിൾ എടുത്ത് പരിശോധിപ്പിച്ച് റിസൾട്ട് വീട്ടിലെത്ത് കൊടുക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ നേഴ്സ്, ഡോക്ടർ എന്നിവരുടെ സേവനം ഉറപ്പ് വരുത്തുക തുടങ്ങിയ മെഡിക്കൽ സേവനങ്ങളും വീട്ടിലേക്ക് ആവശ്യമായ എല്ലാ വിധ ഭക്ഷണ സാധനങ്ങൾ, പാകം ചെയ്ത ഭക്ഷണങ്ങൾ, മരുന്നുകൾ തുടങ്ങിയവ എത്തിച്ച് നൽകുകയും ചെയ്യുന്നു.
ഇതിനെല്ലാം പുറമേ ജന്മദിനം, വിവാഹ വാർഷികം, മാനസികോല്ലാസ യാത്രകൾ, തീർത്ഥാടനം തുടങ്ങിയവ അറേഞ്ച് ചെയ്ത് നൽകുകുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസ് സൗകര്യമാണുള്ളത്. വിവിധ തരം പ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനമാണ് മറ്റൊരു പ്രത്യേകത. മതപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതായിരിക്കും.
തറവാട് വീട് ഓഫീസിൽ റീഡിംഗ് റൂം, ലൈബ്രറി, റീക്രിയേഷൻ ഫെസിലിറ്റി എന്നിവ ഉണ്ടായിരിക്കും. മാതാപിതാക്കൾക്ക് ഏകാന്തത അനുഭവപ്പെടാതിരിക്കാനുള്ള സൗകര്യവും ഇവിടെ സജ്ജീകരിക്കും.