Timely news thodupuzha

logo

മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നടന്നു

പാലാ: ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ഹൃദയ ചികിത്സയ്ക്കുള്ള വലിയ ചികിത്സ കേന്ദ്രമായി മാറുമെന്നു ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ലോക ഹൃദയാരോഗ്യ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയോളജി വിഭാഗത്തെയും കാർഡിയാക് സർജറി വിഭാഗത്തെയും യോജിപ്പിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു എംപി.

ഹൃദയപൂർവ്വം രോഗികളോട് സംസാരിക്കുന്ന ഡോക്ടർമാരും ഉന്നത നിലവാരത്തിൽ ചികിത്സ നൽകുന്നതുമാണ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തെ മികവുറ്റതാക്കുന്നതെന്നു അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കാർഡിയാക് സയൻസസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സീനിയർ‌ കൺസൾട്ടന്റും കാർഡിയാക് സയൻസസ് വിഭാഗം ഹെഡുമായ ഡോ.രാംദാസ് നായിക് വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, കൺസൾട്ടന്റ് ഡോ.രാജീവ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

ഹൃദ്രോഗചികിത്സയിൽ സമഗ്രവും സംയോജിതവുമായ ചികിത്സയും ഗവേഷണവും ഒരുക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസ് വിഭാഗത്തിൽ 8 കാർഡിയോളജിസ്റ്റുകൾ ഉന്നത നിലവാരത്തിലുള്ള ചികിത്സയ്ക്ക് നേതൃത്വം നൽകുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ ഹൃദ്രോഗ ചികിത്സ വിഭാഗത്തിൽ 65,000ൽ പരം ആളുകൾ ചികിത്സ തേടിയിരുന്നു.മൾട്ടിഡിസിപ്ലിനറി ടീം, അഡ്വാൻസ്ഡ് ഡയഗനോസ്റ്റിക് ആൻഡ് ട്രീറ്റ്മെന്റ് ടീം, കോംപ്രിഹെൻസീവ് രോഗി പരിചരണം, ടെലിമെഡിസിൻ, ഓഡിറ്റ്സ് ആൻഡ് ക്വാളിറ്റി സ്റ്റാൻഡേർഡ്സ് എന്നിവയും പ്രത്യേകതയാണ്.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സമൂഹത്തിനായി ഹൃദ്രോഗം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണവും ലക്ഷ്യമിടുന്നു.

കാർഡിയാക് സയൻസസ് വിഭാഗത്തിന്റെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയവർക്കായി ആരോഗ്യമുള്ള ഹൃദയം എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടിയും നടത്തി. സീനിയർ കൺസൾട്ടന്റുമാരായ ഡോ.രാജു ജോർജ്, ഡോ.ജെയിംസ് തോമസ്, സീനിയർ കൺസൾട്ടന്റും കാർഡിയാക് സർജനുമായ ഡോ.കൃഷ്ണൻ.സി, സീനിയർ കൺസൾട്ടന്റും കാർഡിയാക് അനസ്തെറ്റിസ്റ്റുമായ ഡോ.നിതീഷ് പി.എൻ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലോക ഹൃദയദിനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഫിറ്റ്നെസ് ചലഞ്ചും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *