ന്യൂഡൽഹി: മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ റഷ്യൻ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രയാകും. രണ്ട് ദിവസത്തെ ഉഭയകക്ഷി സന്ദർശനമാണ് തീരുമാനിച്ചിട്ടുള്ളത്.
അതിന് ശേഷം അദ്ദേഹം ഓസ്ട്രിയയിലേക്ക് പോകും. 22ആമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിക്കായാണു പ്രധാനമന്ത്രിയുടെ യാത്ര. ഇരുരാജ്യങ്ങളും തമ്മിൽ വാർഷിക ഉച്ചകോടി വേണമെന്നത് 2000ൽ ഒപ്പുവച്ച ഇന്ത്യ – റഷ്യ തന്ത്രപ്രധാന പങ്കാളിത്ത ഉടമ്പടിയുടെ പ്രധാന തീരുമാനമായിരുന്നു.
2021 വരെ ഉച്ചകോടി പതിവായി നടന്നു. 2021ൽ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തി. 2022ൽ മോദി മോസ്കോ സന്ദർശിക്കേണ്ടതായിരുന്നെങ്കിലും നടന്നില്ല.
2022ൽ മോസ്കോ സന്ദർശിച്ച വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ 2024ൽ മോദി റഷ്യയിലെത്തുമെന്നു പറഞ്ഞിരുന്നു. റഷ്യ – യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം ആദ്യമായാണ് മോദി റഷ്യയിലെത്തുന്നത്.
അടുത്തിടെ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡൻറ് വ്ലാഡിമിർ സെലൻസ്കിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, റഷ്യയെ കുറ്റപ്പെടുത്തുന്ന സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചില്ല. 9, 10 തീയതികളിൽ വാഷിങ്ടണിൽ നാറ്റോ സമ്മേളനം നടക്കാനിരിക്കെയാണു മോദിയുടെ റഷ്യൻ സന്ദർശനം.