വടകര: സാൻഡ് ബാങ്ക്സ് അഴിമുഖത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി.
കോട്ടക്കടപ്പുറം ഭാഗത്ത് തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തീരത്തടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ചേളാരിയിൽനിന്നെത്തിയ പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച് മീൻ പിടിക്കുകയായിരുന്നു.
ഇതിനിടെ വല കടലിലേക്ക് ആഴ്ന്നപ്പോൾ വല തിരിച്ച് വലിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സ്യത്തൊഴിലാളികൾ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി മുങ്ങിപ്പോവുകയായിരുന്നു.