കോട്ടയം: പാലാ – ഈരാറ്റുപേട്ട റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിനാണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ങ്ഷന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലി സ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്ത് നിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്ത് നിന്നും വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരുക്കേറ്റ എബിനെ ഭരണങ്ങാനത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിൽസക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.