Timely news thodupuzha

logo

ആകാശ് തില്ലങ്കേരിയുടെ വാഹനം പിടിച്ചെടുത്ത് പൊലീസ്

കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് യാത്ര നടത്തിയ ജീപ്പ് പിടിച്ചെടുത്ത് പൊലീസ്. പനമരം ടൗണിലൂടെ സഞ്ചരിച്ച വാഹനം പനമരം പൊലീസ് മലപ്പുറത്ത് നിന്നുമാണ് പിടിച്ചെടുത്തത്. മോട്ടോർ വാഹന വകുപ്പിൻറെ നിർദേശ പ്രകാരമാണ് നടപടി. കേസെടുത്തിന് പിന്നാലെ വാഹനത്തിൽ അനാവശ്യമായി ഘടിപ്പിച്ചിരുന്ന നാല് വലിയ ടയറുകളും എക്സ്ട്രാ ഫിറ്റിങ്സുകളും അഴിച്ച് മാറ്റിയിരുന്നു. വാഹനത്തിൻറെ റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല.

രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചു. വാഹനം ആർ.ടി.ഒയ്ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ആകാശ് തില്ലങ്കേരിയുടെ ലൈസൻസുമായി ബന്ധപ്പെട്ട് നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോവുകയാണ്.

കണ്ണൂരിൽ ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റ് ആർടിഒ, സബ് ആർടിഒ പരിധികളിൽ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കും. ഇതിനുള്ള നടപടി തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത രൂപം മാറ്റിയ ജീപ്പുമായി ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. പിന്നാലെ വാഹനം തിരിച്ചറിഞ്ഞ് ഉടമക്കെതിരേ എം.വി.ഡി നടപടിയെടുത്തിരുന്നു. ഒമ്പത് കുറ്റങ്ങളാണ് എം.വി.ഡി ചുമത്തിയത്. 45000 രൂപയും പിഴ വിധിച്ചിരുന്നു.

വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ട് നൽകിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *