Timely news thodupuzha

logo

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് നൽകിയ ലോക്കറ്റ് സ്വർണം തന്നെ; ഒറ്റപ്പാലം സ്വദേശി മാപ്പ് പറഞ്ഞു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണ ലോക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ.പി മോഹൻദാസ്‌ വാക്ക് മാറ്റി മാപ്പ് പറഞ്ഞു.

ദേവസ്വത്തെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ച മോഹൻദാസിനെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ അറിയിച്ചു.

കഴിഞ്ഞ മെയ് 13നാണ് മോഹൻദാസ് ക്ഷേത്രത്തിൽ നിന്ന് 14,200 രൂപ അടച്ച് രണ്ട് ഗ്രാമിൻറ് സ്വർണ ലോക്കറ്റ് വാങ്ങിച്ചത്. രണ്ട് മാസം പിന്നിട്ടതിന് ശേഷമാണ് താൻ വാങ്ങിയ സ്വർണ ലോക്കറ്റ് വ്യാജമാണെന്ന് മാധ്യമങ്ങൾ വഴി അറിയിക്കുന്നത്.

ദേവസ്വത്തിനും ഇദ്ദേഹം പരാതി നൽകിയിരുന്നു. പരാതിക്കാരനെ ചൊവ്വാഴ്ചയാണ് ഗുരുവായൂർ ദേവസ്വം നേരിട്ട് വിളിച്ച് വരുത്തിയത്.

ദേവസ്വം അധികൃതർ പരാതിക്കാരൻറെ സാന്നിധ്യത്തിൽ കുന്നംകുളത്തെ സർക്കാർ അംഗീകാരമുള്ള അമൃത അസൈ ഹാൾമാർക്ക് സെൻററിലും ഗുരുവായൂരിലെ മറ്റ് ജ്വല്ലറികളിലും ശാസ്ത്രീയമായി പരിശോധിച്ച് സ്വർണ ലോക്കറ്റ് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തി.

ആദ്യം സ്വർണമല്ലെന്ന് വാദിച്ച പരാതിക്കാരൻ തനിക്ക് വിഷയത്തിൽ പറ്റിയ തെറ്റ് മാധ്യമങ്ങളുടെയും ദേവസ്വം ഭരണ സമിതിയുടെയും മുന്നിൽ ഇന്നലെ ഏറ്റുപറഞ്ഞ് ഖേദം പ്രകടപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *