മുംബൈ: നിരവധി ക്രിമിനൽ കേസുകളിൽ ഗുരുസിദ്ധപ്പ വാഗ്മറെ എന്നറിയപ്പെടുന്ന ചുൽബുൾ പാണ്ഡെയെ(50) സ്പായ്ക്കുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വർളിയിലെ ഒരു സ്പായ്ക്കുള്ളിൽ അക്രമം നടന്നത്.
കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രി ഏറെ വൈകി ഇയാൾ കാമുകിക്കൊപ്പം സയൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാറിൽ കയറി മദ്യപിച്ച ശേഷം വർളി നാക്കയ്ക്ക് സമീപമുള്ള സോഫ്റ്റ് ടച്ച് സ്പായിലേക്ക് പോയിരുന്നു.
ഇരുവരും സ്പായ്‌ക്കുള്ളിൽ ഉണ്ടായിരുന്നപ്പോഴാണ് അജ്ഞാതരായ മൂന്ന് പേർ എത്തിയത്. കാമുകി വാതിൽ തുറന്ന ഉടനെ വാളും കത്തിയും അടങ്ങുന്ന മാരകായുധങ്ങളുമായി കടന്ന് കയറിയ സംഘം സോഫയിൽ കിടന്നിരുന്ന വാഗ്മറെയെ പലതവണ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലിസ് റിപ്പോർട്ട്.
വിവരമറിഞ്ഞെത്തിയ പൊലീസ് ഉടൻ തന്നെ പാണ്ഡെയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. മുഖം പോലും വെട്ടി വികൃതമാക്കിയിരുന്നുവെന്നും പൊലീസ്. അജ്ഞാതരായ ആളുകൾക്കെതിരെ സെക്ഷൻ 103(കൊലപാതകത്തിനുള്ള ശിക്ഷ), ഭാരതീയ ന്യായ സംഹിതയുടെ(ബി.എൻ.എസ്) മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്
കൊല്ലപ്പെട്ട പാണ്ഡെയ്ക്കെതിരെ നഗരത്തിലെ പല സ്റ്റേഷനുകളിലും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.വിലെ പാർലെ പോലീസ് സ്റ്റേഷനിൽ ആറ് ക്രിമിനൽ എഫ്.ഐ.ആറുകളാണ് ഫയൽ ചെയ്തിരിക്കുന്നത്.
സീനിയർ പൈ രവീന്ദ്ര കട്കറുടെ നേതൃത്വത്തിൽ ആറ് സംഘങ്ങളെയാണ് പ്രതികളെ പിടികൂടാൻ നിയോഗിച്ചിരിക്കുന്നത്. പ്രധാന സാക്ഷിയായ പാണ്ഡേയുടെ കാമുകിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ പേരും മറ്റു വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.