കൊല്ലം: ഐ.എന്‍.റ്റി.യു.സി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിൽ 14 പേർ കുറ്റക്കാരെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ കണ്ടെത്തൽ.
18 പ്രതികളുണ്ടായിരുന്ന കേസിൽ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹൻ ഉൾപ്പെട കേസിൽ നാല് പേരെ വെറുതെ വിട്ടു. പ്രതികളിൽ ഒരാൾ മരിച്ചിരുന്നു. പ്രതികളെല്ലാം സി.പി.എം പ്രവർത്തകരാണ്. കേസിൽ ഈ മാസം 30ന് ശിക്ഷ വിധിക്കും.
14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ സി.പി.എം പ്രവർത്തകർ വെട്ടികൊലപ്പെടുത്തിയത്.
ഐ.എൻ.റ്റി.യു.സി ഏരൂർ മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് പിന്നിൽ. ആദ്യം ലോക്കൽ പൊലിസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് രാമഭദ്രന്‍റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെ സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹൻ, മുൻ അഞ്ചൽ ഏര്യാ സെക്രട്ടറി പി.എസ് സുമൻ, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ, മുൻ മന്ത്രി മേഴ്സികുട്ടിയുടെ പേഴ്സണൽ സ്റ്റഫ് അംഗം മാർക്സന്‍ എന്നിവരും കേസിലെ മറ്റ് പ്രതികളാണ്.
2019ൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷൻ സാക്ഷിയായ വിസ്തരിച്ച ഡി.വൈ.എസ്.പി വിനോദ് കുമാർ മൊഴി നൽകിയത് വിവാദമായിരുന്നു.
126 സാക്ഷികളുണ്ടായിരുന്ന കേസിൽ സി.പി.എം പ്രവർത്തകരായ സാക്ഷികള്‍ കൂറുമാറി. കൊലപാതകത്തിൽ നേരിട്ട് പങ്കളിയാവർക്കർ പുറമേ ഗൂഡാലോചന, ആയുധ കൈയിൽ വയ്ക്കൽ, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്.