ആർ.സുരേഷ്
തിരുവനന്തപുരം: ജില്ലയിൽ ഇടതു മുന്നണിയിൽ കലഹം. ദീർഘനാളായി എൽ.ഡി.എഫ് ജില്ലാ കൺവീനറായി പ്രവർത്തിച്ചുവന്ന മുൻ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കി. മുന്നണി മര്യാദകൾ പാലിക്കാതെയുള്ള അഭിപ്രായങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ നിരന്തരം പറയുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് പുറത്താക്കൽ.
ശിവരാമന്റെ കടുത്ത ഭാഷയിലുള്ള സി.പി.എം വിരുദ്ധ അഭിപ്രായങ്ങൾ മുന്നണിക്ക് ദോഷമാകുന്നുവെന്നാണ് സി.പി.ഐയിലെ ഒരു വിഭാഗവും സി.പി.എം ജില്ലാ നേതൃത്വവും ആരോപിച്ചത്. ഇതിന്റെ തുടർച്ചയായി സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ഇ.പി ജയരാജന് പരാതി അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ബിനോയി വിശ്വത്തോട് കെ.കെ ശിവരാമന്റെ നിലപാടുകളിൽ കടുത്ത നീരസം ജയരാജൻ പ്രകടിപ്പിച്ചു. കഴിഞിഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്സിക്ക്യൂട്ടീവ് ആണ് ശിവരാമനെ ജില്ലാ കൺവീനർ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. പകരം ജില്ലാ സെക്രട്ടറി കെ സലീംകുമാറിന് കൺവീനർ സ്ഥാനം നൽകുകയായിരുന്നു.
ശിവരാമനോടുള്ള സി.പി.എം നീരസം മറ്റ് രണ്ട് സി.പി.ഐ നേതാക്കൾക്കും പാരയായി. സി.പി.ഐക്ക് ജില്ലാ കൺവീനർ സ്ഥാനമുള്ള മൂന്ന് ജില്ലകളിലും അതാത് ജില്ലാ സെക്രട്ടറിമാർ തന്നെ കൺവീനറായാൽ മതിയെന്നായിരുന്നു സി.പി.ഐ സംസ്ഥാന കമ്മിറ്റി തീരുമാനം. കെ.കെ ശിവരാമന്റെ സമൂഹ മാധ്യമ പോസ്റ്റിലും ചില മാധ്യമങ്ങളോട് പറഞ്ഞ വ്യക്തിപരമായ അഭിപ്രായ പ്രകടനവും ഘടക കക്ഷികൾക്ക് ദോഷം ഉണ്ടായിക്കിയെന്നും റിപ്പോർട്ടിങ്ങിൽ ബിനോയി വിശ്വം സംസ്ഥാന കമ്മിറ്റിയില പറഞ്ഞു. ഇടുക്കിയിലെ മദ്യ വ്യവസായി അനിമോന്റെ ബാർ കോഴ ആരോപണത്തിൽ പൊടുന്നനെയുള്ള പ്രതികരണവും ശിവരാമന് സ്ഥാനം നഷ്ടമാകാൻ കാരണമായി. ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രി എം.ബി രാജേഷും ബിനോയി വിശ്വത്തോട് നീരസം പ്രകടിപ്പിച്ചിരുന്നു. അമിതമായ മാധ്യമ ശ്രദ്ധ നേടാൻ ശിവരാമന്റെ പ്രസ്താവനകൾ പല ഘട്ടത്തിലും റവന്യൂ വകുപ്പിനും സി.പി.എമ്മിനും തലവേദന സൃഷ്ടിച്ചുവെന്നും സി.പി.ഐയിലെ ഒരു വിഭാഗം ആരോപിച്ചു.
ശിവരാമനെ ജില്ലാ കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയത് ജില്ലയിൽ സി.പി.ഐയിലും ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ഇതേസമയം സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥ്ൻ, തടി വ്യാപാരിയായ പ്രാദേശിക നേതാവ് എന്നിവർ ഉൾപ്പെടുന്ന സൗഹൃദം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതായി ഒരു വിഭാഗം ആരോപിച്ചു. ഇതേസമയം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം മൂന്ന് ജില്ലകളിൽ പാർട്ടി സെക്രട്ടറിമാർ തന്നെ ജില്ലാ കൺവീനർമാരാകുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിവരാമൻ ജില്ലാ കൺവീനർ സ്ഥാനത്ത് നിന്നും മാറിയതെന്ന് ജില്ലാ സെക്രട്ടറി കെ സലീംകുമാർ പറഞ്ഞു.