തൊടുപുഴ: ലഹരി മാഫിയയുടെ അക്രമത്തിൽ യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് ദിപുമോൻ കണ്ണമ്പുഴയ്ക്ക് ഗുരുതര പരിക്ക്. വയനാട് ജില്ലയിലെ ഉരുൾ പൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് അവശ്യ വസ്തുകൾ ശേഖരിക്കുന്നതിന് ഇടയിലാണ് അക്രമണം ഉണ്ടായത്. കോടിക്കുളം ചെറുതോട്ടിൻകര ഭാഗത്ത് വച്ച് ഇരുചക്ര വാഹനത്തിലെത്തിയ അക്രമകാരികൾ യാതൊരു വിധ പ്രകോപനവുമില്ലാതെ ആക്രമിക്കുക ആയിരുന്നു.
അക്രമത്തിൽ തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ദിപുമോൻ കണ്ണംപുഴ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ദിപുമോൻ്റെ രണ്ട് പവനുള്ള മാല അക്രമികൾ അപഹരിച്ചു. ചെറു തോട്ടിൽ കരയിലുള്ള ഒരു വീട് കേന്ദ്രീകരിച്ച് ഏതാനും നാളുകളായി ലഹരി മാഫിയയുടെ പ്രവർത്തനം സജീവമാണ്.
എക്സൈസ് ഡിപ്പാർട്ട്മെൻ്റിലും പോലീസിലും നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും ക്രിയാത്‌മകമായി ഇടപെട്ടട്ടില്ലന്നാണ് നാട്ടുകാരുടെ പരാതി. പരിക്കേറ്റ ദിപുമോനെ കോടിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ബാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അരുൺ പൂച്ചക്കുഴി, മാത്യു കെ ജോൺ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ബിപിൻ ഈട്ടിക്കൻ, ടോണി തോമസ്, ജില്ല സെക്രട്ടറിമാരായ ഷാനു ഷാഹുൽ, എബി മുണ്ടക്കൻ, നേതാക്കളായ ജോമിഷ്, ജോർജി തുടങ്ങിയവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.