തൊടുപുഴ: ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒരു ആയുഷ്കാലം കൊണ്ട് സമ്പാദിച്ചത് എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞ്, എന്തു ചെയ്യും എന്നറിയാതെ നിൽക്കുന്ന വയനാട്ടിലെ നിസ്സഹായതയുടെ മുഖങ്ങൾ മറക്കാനാവുന്നതല്ല. ഈ സാഹചര്യത്തിലാണ് ഡി.എം.എയും (Drogheda Indian Associations) റോയൽ ക്ലബ്ബും ചേർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
സർവ്വതും നഷ്ടപ്പെട്ടവരെ കൈപ്പിടിച്ച് ഉയർത്തുന്ന ഈ ശ്രമകരമായ ഉദ്യമത്തിൽ എല്ലാവരുടെയും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അറിയിച്ചു. 2018ലെ മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും സഹായ ഹസ്തവുമായി ഡി.എം.എ ഇറങ്ങിയപ്പോൾ നൽകിയ സഹായവും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നു. അർഹതപ്പെട്ടവരുടെ കൈകളിൽ നേരിട്ട് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് വീട് നിർമ്മിച്ച് നൽകുന്നതെന്നും ടൂം ഡി.എം.എ ആന്റ് റോയൽ ക്ലബ്ബ് വ്യക്തമാക്കി.