Timely news thodupuzha

logo

വയനാട് ദുരന്തത്തില്‍ അനാഥയായ ചെറിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ദത്ത് എടുക്കാന്‍ തയാറാണെന്ന് പ്രവാസി കുടുംബം

കുവൈറ്റ്: വയനാട് ഉരുള്‍പൊട്ടലില്‍ അനാഥരായ കുഞ്ഞുമക്കള്‍ നിരവധിയാണ്. ദുരിതാശ്വാസ ക്യാമ്പില്‍ മാതാപിതാക്കളും സഹോദരങ്ങളുമില്ലാതെ കഴിഞ്ഞുകൂടുന്ന കുട്ടികള്‍ നൊമ്പരക്കാഴ്ചയായി മാറി.

ദുരന്തം നാശം വിതച്ച വയനാടിന്റെ അതിജീവനത്തിനായി നാട് ഒന്നിച്ച് പ്രയത്‌നിക്കുമ്പോള്‍ അനാഥരായ കുഞ്ഞുമക്കള്‍ക്ക് പുതിയ ജീവിതം നല്‍കാന്‍ സന്നദ്ധരായി എത്തിയിരിക്കുകയാണ് ചിലര്‍.

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപെട്ട്, ആരും ഇല്ലാത്ത ചെറിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ദത്തെടുക്കാന്‍ തയ്യാറാണ് എന്നാണ് സമീറെന്ന പ്രവാസി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം കുടുംബവുമൊത്തുളള ചിത്രവും സമീര്‍ പങ്കുവച്ചു.

താനും ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്ന കുടുംബത്തിലേക്ക് ആരോരുമില്ലാത്ത ഒരു കുഞ്ഞിനെക്കൂടി സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് സമീര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്.

ആവേശത്തിന്റെ പുറത്തല്ല ഈ തീരുമാനമെന്നും മുമ്പ് തന്നെ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ പദ്ധതി ഉണ്ടായിരുന്നെന്നും സമീര്‍ കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് സമീറിനും കുടുംബത്തിനും നന്ദിയും ആശംസകളുമായും എത്തിയത്.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപെട്ട്, ആരും ഇല്ലാത്ത ചെറിയ കുട്ടി(പെണ്‍) ഉണ്ടെങ്കില്‍ ഞാനും എന്റെ പാര്‍ട്ണറും ദത്ത് എടുക്കാന്‍ തയ്യാറാണ്. നമുക്ക് 12 & 5 വയസ്സുള്ള 2 ആണ്‍ മക്കളുണ്ട്. ഫാമിലി കുവൈറ്റിലാണ്. ഗവണ്മെന്റ് പറയുന്ന എല്ലാ പോളിസിയും പാലിച്ച്‌കൊണ്ട് മുന്നോട്ട് പോകാം. ഇതൊരു ആവേശത്തിന് പുറത്തല്ല, നമ്മള്‍ സംസാരിച്ച് പ്ലാന്‍ ചെയ്തതാണ്. നമ്മുടെ ലൈഫില്‍ ഒരു പെണ്‍കുട്ടിയെ (ആരും ഇല്ലാത്ത) ദത്ത് എടുക്കണമെന്ന് മുന്നേ പ്ലാന്‍ ഉള്ളതാണ്.

Leave a Comment

Your email address will not be published. Required fields are marked *