Timely news thodupuzha

logo

യൂത്ത് ഓസ്കറിൻ്റെ ചരിത്ര നിമിഷങ്ങൾ പകർത്തി മലയാളി പെൺകുട്ടി

തൊടുപുഴ നെയ്യശ്ശേരിയിൽ നിന്നും മലബാറിലെ ഇരിക്കൂർ പുലിക്കുരുമ്പയിൽ കുടിയേറിയ ആലിലക്കുഴിയിൽ ദേവസ്യായുടെ മകൻ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ്റെ മകളാണ് പുലരി

കാസർകോട്: പഠനത്തിൽ വ്യത്യസ്ത വഴികൾ തിരഞ്ഞെടുത്ത തിരുവനന്തപുരം സ്വദേശിനി പുലരിയെ തേടിയെത്തിയത് യു.എസിലെ ‘യൂത്ത് ഓസ്കറി’ൻ്റെ ചരിത്ര നിമിഷങ്ങൾ പകർത്താനുള്ള സുവർണാവസരം. തിരുവനന്തപുരം ശ്രീകാര്യത്തെ 20കാരിയായ പുലരി ബിന ഗിൽബർട്ടിനാണ് കഴിഞ്ഞ ദിവസങ്ങളിൽ യു.എസിലെ ലോസ് ആഞ്ജലസിൽ അരങ്ങേറിയ ‘യൂത്ത് ഓസ്കർ’ എന്നറിയപ്പെടുന്ന യങ് ആർട്ടിസ്റ്റ് അക്കാദമി അവാർഡ് പുരസ്കാര ചടങ്ങുകളുടെ വിഡിയോ ഔദ്യോഗികമായി പകർത്താൻ അവസരം ലഭിച്ചത്.

പഠനത്തിൽ പതിവ് ശൈലികൾ വിട്ട് ലിബറൽ ആർട്‌സ് പഠിക്കാൻ 1.19 കോടി രൂപയുടെ സ്കോളർഷിപ്പുമായാണ് പുലരി, വിർജീനിയയിലെ ഹോള്ളിൻസ് സർവകലാശാലയിൽ എത്തിയത്. തിരുവനന്തപുരം മുക്കോല ഗുഡ് ഷെപ്പേർഡ് സ്കൂളിൽ നിന്ന് ഹയർ സെക്കൻഡറിക്ക് ശേഷം സ്കോളർഷിപ് നേടിയാണ് യു.എസിലെത്തിയത്. അവിടെ ലിബറൽ ആർട്‌സിനൊപ്പം ചലച്ചിത്രവും ക്രിയേറ്റിവ് റൈറ്റിങ്ങും പഠിക്കുന്നു. കേന്ദ്ര സർവകലാശാലയിൽ ഫാഷിസം, നാസിസം വിഷയം പഠിപ്പിച്ചതിന് സസ്പെൻഷൻഷനിലായ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യന്റെ മകളാണ് പുലരി.

സി.ഡി.എസിലെ അധ്യാപിക ഡോ. പി.എൽ ബിനയാണ് മാതാവ്. പിതാവിനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് പഠനം വിദേശത്താ ക്കിയത്. പഠനത്തിനിടെ ചെയ്ത വിഡിയോകളും സിനിമകളും ഹോളിവുഡ് സിനിമ നിർമാതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. അവർ പുലരിയെ 2020 ജൂണിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിലേക്ക് ക്ഷണിച്ചു. ചടങ്ങിനെത്തിയ പ്രമുഖർക്ക് കൗമാരക്കാരിയുടെ സാന്നിധ്യം കൗതുകമായി.

പ്രശസ്ത മോഡലും ഫാഷൻ ഡിസൈനറും കാലാവസ്ഥ ആക്ടിവിസ്റ്റുമായ ക്ലെമൻ്റിന പുലരിയെ പരിചയപ്പെട്ടു. സൃഷ്ടികൾ കണ്ടു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഹോളിവുഡിനെന്ത് സംഭാവന ചെയ്യാൻ കഴിയുമെന്ന കാര്യങ്ങൾ പങ്കുവെച്ചു.

അതിന് പിന്നാലെ 2024ൽ ജൂലൈ 20 – 22 തീയതികളിൽ യുത്ത് ഓസ്കർ എന്നപേരിൽ അറിയപ്പെടുന്ന യങ്ങ് ആർട്ടിസ്റ്റ് അക്കാദമി അവാർഡുദാന ചടങ്ങിലേക്ക് പുലരിയെ ക്ഷണിച്ചു. ഒപ്പം ആ ചടങ്ങിൻ്റെ വിഡിയോ ചെയ്യുകയെന്ന ഉത്തരവാദിത്തവും ഏൽപിച്ചു. ഒരുപക്ഷേ, ഏറ്റവും പ്രായം കുറഞ്ഞ, വിദ്യാർത്ഥിനിയും വിദേശിയുമായ ഒരാൾക്ക് ലഭി ക്കുന്ന അപൂർവ ബഹുമതിയായി പുലരിയുടെ നേട്ടത്തെ ഹോള്ളിൻസ് സർവകലാശാല കാണുന്നു.

വർണ വിവേചനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുലരിയുടെ സിനിമ ശ്രദ്ധേയമായിരുന്നു. ഞാൻ ആദ്യം എൻ്റെ മാതാപിതാക്കളോട് വിദേശത്ത് പഠിക്കണമെന്ന് പറഞ്ഞപ്പോൾ അവർ ചിരിക്കുകയായിരുന്നു. പണം എവിടെ എന്നവർ ചോദിച്ചു. സ്വപ്‌നങ്ങൾ ഉണ്ടെങ്കിൽ വഴികൾ താനേ തുറക്കുമെന്ന് ഞാൻ പറഞ്ഞു. ദാരിദ്ര്യം മറികടന്ന് ജെ.എൻ.യുവിൽ പഠിച്ച അവർ തന്നെയാണ് അതെനിക്ക് കാണിച്ച് തന്നത്. അറിവില്ലായ്മയുടെയല്ല, അറിവിൻ്റെ വഴികളിലാണ് സഞ്ചരിക്കേണ്ടതെന്ന് പുലരി പറഞ്ഞു. തൊടുപുഴ നെയ്യശ്ശേരിയിൽ നിന്നും മലബാറിലെ ഇരിക്കൂർ പുലിക്കുരുമ്പയിൽ കുടിയേറിയ ആലിലക്കുഴിയിൽ ദേവസ്യായുടെ മകൻ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ്റെ മകളാണ് പുലരി.

Leave a Comment

Your email address will not be published. Required fields are marked *