തിരുവനന്തപുരം: തുമ്പയില്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യൻ(42) എന്നയാളിനെയാണ് കാണാതായത്. രാവിലെ 8 മണിയോടെയായിരുന്നു അപകടം.
വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേരില്‍ നാല് പേര്‍ നീന്തിക്കയറി രക്ഷപ്പെട്ടു. എന്നാൽ സെബാസ്റ്റ്യനെ തിരച്ചുഴിയിൽപ്പെട്ട് കാണാതാകുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.
കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്. ഇതേസമയം, തിരുവനന്തപുരം മുതലപ്പുഴയിലും ബുധനാഴ്ച രാവിലെ വള്ളം മറിഞ്ഞ് അപകടമുണ്ടായി.
പെരുമാതുറ സ്വദേശി സവാദിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുന്നത് മുതലപ്പൊഴിയില്‍ ഇപ്പോൾ പതിവാകുകയാണ്. ജൂലൈ മാസത്തിലും വള്ളം മറിഞ്ഞ് അപകടങ്ങൾ ഉണ്ടായിരുന്നു.