കൊച്ചി: വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത 2700 കിലോഗ്രാം മയക്ക് മരുന്ന് നശിപ്പിച്ച് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി മേഖല യൂണിറ്റ്.
ചൊവ്വാഴ്ച എറണാകുളം അമ്പലമേട്ടിലുള്ള കെഇഐഎൽ പ്രദേശത്ത് ഇൻസിനറേഷൻ വഴിയാണ് മയക്ക് മരുന്ന് നശിപ്പിച്ചത്. 2022 ഒക്‌ടോബർ മാസത്തിൽ 199.445 കിലോഗ്രാം ഹെറോയിനും, 2023 മെയ് മാസത്തിൽ 2525.675 കിലോ മെത്താംഫെറ്റാമൈൻ ഹൈഡ്രോക്ലോറൈഡും പിടിച്ചെടുത്തിരുന്നു.
ഈ രണ്ട് കേസുകളിലും നിരോധിത മയക്ക് മരുന്ന് ഇറാനിൽ നിന്ന് കൊണ്ട് വന്നതാണെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് മൊത്തം ഏഴ് ഇറാൻ പൗരന്മാരെ അറസ്റ്റ് ചെ്തിരുന്നു.
ഈ മയക്ക് മരുന്നുകൾ കേസിന്‍റെ വാദത്തിന് മുമ്പ് നശിപ്പിക്കാൻ സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശം നൽകിയിരുന്നു. ഇതു പ്രകാരമാണ് നടപടി. എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ(ദക്ഷിണ മേഖല), എൻ.സി.ബി കൊച്ചി സോണൽ ഡയറക്ടർ, ഡി.ആർ.ഐ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി(എച്ച്.എൽ.ഡി.ഡി.സി) രണ്ട് കേസുകളിലെയും മയക്ക് മരുന്നുകൾ വാദത്തിന് മുമ്പ് നശിപ്പിക്കാൻ ശുപാർശ ചെയ്തിട്ടും ഉണ്ടായിരുന്നു.
എച്ച്.എൽ.ഡി.ഡി.സി അംഗങ്ങളായ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ദക്ഷിണ മേഖലാ ഡി.ഡി.ജി മനീഷ് കുമാർ ഐ.ആർ.എസ്, എൻ.സി.ബി കൊച്ചി സോണൽ ഡയറക്ടർ, ഡി.ആർ.ഐ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്നു.