തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇനി മുതൽ ഓൾ പാസില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നടപടി. എട്ടാം ക്ലാസിൽ നിന്ന് ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
അടുത്ത വർഷം മുതൽ ഒമ്പതാം ക്ലാസിനും ഈ തീരുമാനം നടപ്പിലാക്കും. എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിനും 30 ശതമാനം വീതം മാർക്കും നിർബന്ധമാക്കും. ഇത്തരത്തിൽ 2026 – 2027ൽ പത്താം ക്ലാസിനും മിനിമം മാർക്ക് നടപ്പാക്കാനാണ് തീരുമാനം.
വിദ്യാഭ്യാസ കോൺക്ലേവിൻറെ ശുപാർശ പ്രകാരമാണ് തീരുമാനം. ഇൻറേണൽ മാർക്ക് കൂടുതലായി നൽകുന്നതും ഓൾപാസും മൂലം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം കുറയുന്നതായി ശുപാർശയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമൂലം ദേശീയ തലത്തിലുള്ള പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പിന്നോക്കം പോകുന്നതായും ആരോപണമുയർന്നിരുന്നു.