Timely news thodupuzha

logo

കുല വെട്ടി- കൃഷ്ണപിള്ള മുതലാളിയുടെ കഴുത്ത് വെട്ടി!

ഡോക്ടർ സൂരജ് ജോർജ് പിട്ടാപ്പിള്ളിൽ എഴുതുന്നു.

ഓടിക്കിതച്ചു വല്ലാത്തൊരു പരവേശത്തോടെയാണ് വൈലോപ്പിള്ളി പറമ്പിൽ ശ്രീധരൻ പാർട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയത്. ഓഫീസ് ചുമതലയുണ്ടായിരുന്ന സഖാവ് പാർട്ടിയുടെ ഔദ്യോഗിക പാനീയമായ കട്ടൻചായയും ആയി മഹാകവിയുടെ അടുക്കലെത്തിയതും ഒരൊറ്റ പുലയാട്ടായിരുന്നു! “പ്ഫ!എരണം കെട്ടവനെ, കട്ടൻ ചായക്ക് വേണ്ടി വലിഞ്ഞു കയറി വന്നവനാണ് ഞാൻ എന്ന് കരുതിയോ നീ? വിളിക്കടാ നിൻറെ നേതാവിനെ!” പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) എന്ന പാർട്ടി പോഷക സംഘടന സ്ഥാപിക്കാനും അതിൻറെ പ്രസിഡൻറ് സ്ഥാനം വഹിക്കാനും പാർട്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആസ്ഥാനകവിയാണ് പാർട്ടി ഓഫീസിൽ കിടന്ന് കലി തുള്ളുന്നത്! കവിയെ അനുനയിപ്പിക്കാൻ സകല നേതാക്കന്മാരും പാഞ്ഞെത്തി. “എന്താണ് സാർ പ്രശ്നം? നമുക്ക് പരിഹാരമുണ്ടാക്കാം”. വൈലോപ്പിള്ളി തൻറെ സങ്കടത്തിന്റെ ഭാണ്ഡമഴിച്ചു! ” എടോ, എൻറെ നാട്ടുകാരനായ ഒരു ബൂർഷ്വാ ദുഷ്പ്രഭുവിൽ നിന്ന് ഇന്ന് രാവിലെ എനിക്കൊരു ദുരനുഭവം ഉണ്ടായി. എൻറെ പറമ്പിൽ ഉണ്ടായ സുമാർ അര റാത്തൽ തൂക്കം വരുന്ന മാമ്പഴവുമായി ഞാൻ വീട്ടിലേക്ക് വരുന്ന സമയത്ത് എൻറെ തൊട്ടടുത്തുള്ള ചങ്ങമ്പുഴ പറമ്പിൽ നിന്ന് കൃഷ്ണപിള്ള മുതലാളി എന്നെ കൂക്കി വിളിച്ചുകൊണ്ട് പരിഹാസ ശബ്ദത്തിൽ ചോദിച്ചു: “നാണമില്ലേടാ ഈ പേട്ടു മാമ്പഴവുമായി നടക്കാൻ? കവിയാണത്രെ കവി! കണ്ടോടാ എൻറെ പറമ്പിൽ നിൽക്കുന്ന 45 റാത്തൽ തൂക്കമുള്ള ഞാലിപ്പൂവൻ വാഴക്കുല? നീയൊക്കെ കണ്ടു കൊതിച്ചോടാ!”.

“ഈ നാട്ടുകാരൻ തന്നെയായ ആ മൂരാച്ചി കൃഷ്ണപിള്ള മുതലാളിയുടെ പരിഹാസം സഹിച്ച് എനിക്ക് ഇനി ഈ നാട്ടിൽ തുടരാൻ ആവില്ല. അഭിമാനത്തോടെ ഞാനെങ്ങനെ ഇനി അയാളുടെ മുഖത്ത് നോക്കും” വൈലോപ്പിള്ളി പറമ്പിൽ ശ്രീധരൻ തീർത്തു പറഞ്ഞു. വെട്ടിനിരത്തലും കുത്തിമലർത്തലും ഇടിച്ചുപൊളിക്കലും ഏറ്റവും ഉത്തരവാദിത്തത്തോടെ ചെയ്യുന്ന തങ്ങൾക്ക് ഇതൊരു നിസ്സാര പ്രശ്നമാണെന്ന് പറഞ്ഞ്, ഉടനടി പരിഹാരമുണ്ടാക്കാം എന്ന ഉറപ്പും നൽകി വൈലോപ്പിള്ളി പറമ്പിൽ ശ്രീധരനെ നേതാക്കന്മാർ യാത്രയാക്കി. സന്തുഷ്ടനായ ശ്രീധരൻ കട്ടൻചായയും പരിപ്പുവടയും കഴിച്ചിട്ടാണ് പോയത്.

പ്രശ്നത്തിന് എങ്ങനെ പരിഹാരമുണ്ടാക്കാം എന്ന് ആലോചിച്ചപ്പോൾ സഖാവ് മണ്ടത്തലവട്ടം, സഖാവ് സ്നേക്കപ്പൻ തുടങ്ങിയ വരട്ടു വാദികൾ അറുപിന്തിരിപ്പനായ കൃഷ്ണപിള്ള മുതലാളിയെ തന്നെ തട്ടിയേക്കാം എന്ന് അഭിപ്രായപ്പെട്ടെങ്കിലും പുരോഗമനവാദികളായ ഇളമുറക്കാർ അക്രമരഹിത മാർഗ്ഗത്തിന് വേണ്ടിയാണ് നിലകൊണ്ടത്. അങ്ങനെ ഉദിച്ചുയരുന്ന പുതുപുത്തൻ ‘undertaker’ സഖാവ് ചിന്തയ്ക്ക് നറുക്ക് വീണു. നേതാക്കന്മാർക്ക് ചിന്തയോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. “എന്തു വൃത്തികേട് ചെയ്തിട്ടാണെങ്കിലും ആ മൂരാച്ചി കൃഷ്ണപിള്ളയെ തറപറ്റിക്കുക തന്നെ വേണം. പക്ഷേ ചെയ്യുന്ന വൃത്തികേട് വൃത്തിയായിട്ടായിരിക്കണം എന്ന് മാത്രം!”.

ഒരു സൈക്കോ പോരാളിയുടെ ഭാവങ്ങളോടെ യാത്രയായ ചിന്തയെ കുറെ നാളത്തേക്ക് ആരും കണ്ടില്ല. ഇതൊരു ‘അണ്ടർ കവർ’ ഓപ്പറേഷൻ ആണെന്ന കാര്യം നേതാക്കന്മാർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.

ഏതാനും നാളുകൾക്കു ശേഷം ചങ്ങമ്പുഴ പറമ്പിൽ കൃഷ്ണപിള്ള മുതലാളിയുടെ വീട്ടിലേക്ക് പോസ്റ്റുമാൻ ഒരു കവറുമായി വന്നു. കവർ പൊട്ടിച്ച് ഉള്ളിൽ കണ്ട കടലാസ് എടുത്തു വായിച്ച കൃഷ്ണപിള്ള മുതലാളി, ഏതാനും നാളുകൾക്കു മുമ്പ് പാർട്ടി ഓഫീസിൽ കയറിവന്ന വൈലോപ്പിള്ളി പറമ്പിൽ ശ്രീധരനെക്കാൾ പരവശനായി നിലത്തുവീണു. താൻ പോലും അറിയാതെ തന്റെ വാഴക്കുലയുടെ മുതലാളിയായി ആ ശ്രീധരൻ മാറിയിരിക്കുന്നു! അതും സർക്കാർ വക മുദ്രപത്രത്തിൽ ഔദ്യോഗികമായി എഴുതിച്ചേർത്തിരിക്കുന്നു. അല്പസ്വല്പം സാഹിത്യ താൽപര്യമൊക്കെ ഉണ്ടായിരുന്ന കാലത്ത് താനെഴുതിയ ഒരു കവിതയുടെ അവസാന രംഗം അദ്ദേഹം ഓർത്തുപോയി: മുറിഞ്ഞ വാക്കുകളിൽ ആ വേദനിക്കുന്ന മുതലാളി പറഞ്ഞൊപ്പിച്ചു:

“കുല വെട്ടി- മോഹിച്ചു മോഹിച്ചു ലാളിച്ച കുതുകത്തിൻ പച്ചക്കഴുത്തു വെട്ടി!
കുല വെട്ടി- ശൈശവോല്ലാസകപോതത്തിൻ കുളിരൊളിപ്പൂവൽ കഴുത്തു വെട്ടി!”

ഏറെ നാളത്തെ അണ്ടർ കവർ ഓപ്പറേഷൻ ശേഷം അന്ന് സഖാവ് ചിന്ത ആ നാട്ടിൽ ലാൻഡ് ചെയ്തു. പുതുയുഗ പോരാട്ടങ്ങളുടെ പടനായികയായ അവർക്ക് പിന്നിൽ അണിനിരന്ന പള്ളിക്കൂടത്തിൽ പോയി പൊതു ഖജനാവിന് നഷ്ടം വരുത്താത്ത അണികൾ മുൻപിൽ നിന്ന് ഏതോ ഒരുത്തൻ ചൊല്ലികൊടുത്ത മുദ്രാവാക്യം ആവേശത്തോടെ ആവർത്തിച്ചു:

“കുല വെട്ടി- ഗർജിച്ചു മൂർച്ഛിച്ചു തുള്ളിത്തിമിർത്തോരു
ജന്മിക്കൊഴുപ്പിൻ കഴുത്തു വെട്ടി!”

ആഘാതത്തിൽ നിന്നും മോചിതനാകാതെ നിലത്തു കിടന്ന കൃഷ്ണപിള്ള മുതലാളി ഇതുകേട്ട് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു:

“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിൻമുറക്കാർ!”

പിൻകുറിപ്പ്: മലയാളം കണ്ട ഏറ്റവും അനുഗ്രഹീത കവികളിൽ ഒരാളായ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘വാഴക്കുല’ എന്ന കവിതയ്ക്ക് അവതാരിക എഴുതിയത് എൻറെ അമ്മയുടെ കൊച്ചു പാപ്പൻ ആയ, കൂത്താട്ടുകുളം വടകര സ്വദേശി, ഡോക്ടർ എബ്രഹാം വടക്കേൽ ആയിരുന്നു എന്നതുകൊണ്ടും ഊടായിപ്പുകൾ ഇല്ലാതെ തീസിസ് എഴുതി സ്വന്തമാക്കിയ ഒരു ഡോക്ടർ വാൽ പേരിനു മുമ്പിൽ ഞാനും ചേർക്കാറുള്ളത് കൊണ്ടും നിഷ്കുകളായ ‘ഡാക്കിട്ടർവാല’കളുടെ അഭിമാന സംരക്ഷണാർത്ഥം എഴുതിയതാണ്.

Leave a Comment

Your email address will not be published. Required fields are marked *