പൊതുനിരത്തുകളിൽ റേസിങ് ബൈക്കുകൾ സൃഷ്ടിക്കുന്ന ആശങ്ക ഒരിക്കൽ കൂടി ഉയർത്താൻ ഏതാനും ദിവസം മുൻപ് തിരുവന്തപുരത്ത് കഴക്കൂട്ടം- കാരോട് ബൈപാസിൽ കോവളം വാഴമുട്ടത്ത് നടന്ന അപകടം കാരണമായിട്ടുണ്ട്. അമിത വേഗത്തിലെത്തിയ റേസിങ് ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന അമ്പത്തഞ്ചുകാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാൽനട യാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിക്കുകയും ചെയ്തു. രണ്ടു കുടുംബങ്ങൾ തോരാക്കണ്ണീരിലായ അപകടം വരുത്തിവച്ച റോഡിൽ ആഡംബര ബൈക്കുകളുടെ റേസിങ് പതിവാണെന്നു നാട്ടുകാർ പറയുന്നുണ്ട്. ഇത്തരത്തിൽ റേസിങ് നടത്തിയ ബൈക്കാണ് അപകടമുണ്ടാക്കിയത് എന്നാണു പരാതി ഉയർന്നത്.
എന്നാൽ, റേസിങ് നടന്നതിനു തെളിവില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യാത്രക്കാരിയുടെ അശ്രദ്ധയും ബൈക്കിൻറെ അമിത വേഗവും അപകടമുണ്ടാക്കിയെന്ന് അവർ പറയുന്നു. പക്ഷേ, ഇതു റേസിങ് നടക്കുന്ന സ്ഥലമാണെന്ന നാട്ടുകാരുടെ വാദം ആവർത്തിക്കപ്പെടുകയാണ്. രണ്ടു ബൈക്കുകൾ റേസിങ് നടത്തുന്നുണ്ടായിരുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. അപകട കാരണമായത് എന്താണ് എന്നറിയാൻ സഹായിക്കേണ്ട നിരീക്ഷണ ക്യാമറകൾ ഈ ഭാഗത്തുണ്ടായിരുന്നില്ല എന്നാണു പറയുന്നത്! ഇവിടുത്തെ സിഗ്നൽ ലൈറ്റുകളും പലപ്പോഴും പ്രവർത്തിക്കാറില്ല.
എന്തായാലും ലക്ഷങ്ങൾ വിലയുള്ള വലിയ റേസിങ് ബൈക്കുകൾ പൊതുനിരത്തുകളിൽ ഉണ്ടാക്കുന്ന അപകട ഭീതി ഗൗരവമായ വിഷയം തന്നെയാണ്. ഇവയ്ക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അവ ഓടിക്കുന്നവരുടെ സുരക്ഷയും മറ്റു യാത്രക്കാരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ പ്രധാനമായിരിക്കുന്നു. ഈ ഭാഗത്ത് റേസിനിടെയുണ്ടായ അപകടത്തിൽ അഞ്ചാറുമാസം മുൻപും രണ്ടുപേർ മരിച്ചിരുന്നു എന്നോർക്കണം. വിഴിഞ്ഞം മുക്കോലയിലായിരുന്നു അന്നത്തെ അപകടം. മുന്നോട്ടു കുതിക്കുന്നതിനിടെ രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അന്ന് അപകടമുണ്ടായത്. ഈ മേഖലയിൽ നിരന്തരമായി ബൈക്ക് റേസിങ് നടക്കാറുണ്ടെന്ന് അന്നു തന്നെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. റേസിങ്ങിനെതിരേ പൊലീസിൽ സ്ഥിരം പരാതിയും ലഭിക്കാറുള്ളതാണ്. പരിശോധന നടത്തുമ്പോഴൊക്കെ അമിത വേഗത്തിനു പൊലീസ് വാഹനങ്ങൾ പിടികൂടാറുമുണ്ട്. അപ്പോഴും റേസിങ് നടക്കുന്നുണ്ടോ എന്നു കണ്ടെത്താനുള്ള നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം അടക്കം സംവിധാനങ്ങൾ വേണ്ടത്രയില്ല.
ഇനി ഈ മേഖലയിൽ വാഹന പരിശോധന ശക്തമാക്കുമെന്നും റേസിങ് നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നുണ്ട്. വരാനിരിക്കുന്നതു കടുത്ത നടപടികൾ എന്നാണു പ്രഖ്യാപനം! എത്ര ദിവസമുണ്ടാകും ഇതെന്നു കണ്ടുതന്നെ അറിയണം. നിരീക്ഷണവും നടപടികളുമുണ്ട് എന്ന് ഉറപ്പുവരുന്ന സാഹചര്യത്തിൽ പിടിക്കപ്പെടുമെന്ന ചിന്തയിൽ അമിത വേഗം നിയന്ത്രിക്കപ്പെടും. അതിനാൽ തന്നെ അപകട സാധ്യതയേറിയ മേഖലകളിൽ പ്രത്യേക നിരീക്ഷണത്തിനു സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ഡ്രൈവിങ് നിയമങ്ങൾ പാലിക്കുന്നതിൽ വളരെ പിന്നിലായ കേരളം മുഴുവൻ ഇതു ബാധകവുമാണ്.
പൊതുനിരത്തുകളിൽ വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്കു നിരോധനമുള്ളതാണ്. വാഹനങ്ങൾക്കു പരമാവധി വേഗ നിയന്ത്രണവുമുണ്ട്. എന്നാൽ, അതൊക്കെ കടലാസിൽ മാത്രം ഒതുങ്ങുകയാണു പലപ്പോഴും. പെട്ടെന്ന് ബാലൻസ് തെറ്റാവുന്ന ഇരുചക്ര വാഹനങ്ങളിൽ നിയമവിധേയമല്ലാത്തതടക്കം ഫിറ്റിങ്സുകളുമായി മിന്നൽപോലെ പാഞ്ഞുപോകുന്നവർക്ക് ഒരു സെക്കൻഡ് പിഴച്ചാൽ സംഭവിക്കാവുന്ന ദുരന്തങ്ങൾ എത്രയോ വലുതാണ്. ഗതാഗത നിയമങ്ങളോടു യാതൊരു ബഹുമാനവും കാണിക്കാതെയുള്ള ഡ്രൈവിങ് സംസ്ഥാനത്തു മൊത്തത്തിൽ നിയന്ത്രിച്ചേ തീരൂ. ഇതിന് ആളുകളിൽ അവബോധമുണ്ടാക്കുക എന്നതുപോലെ പ്രധാനമാണ് കർശന നടപടികൾ സ്വീകരിക്കുന്നതും.