Timely news thodupuzha

logo

ലൈംഗിക പീഡന കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രഞ്ജിത്ത്

കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് ഹൈക്കോടതിയില്‍.

കേസിൽ താന്‍ നിരപരാധിയാണ്. പരാതികാരിയായ നടിയെ സിനിമയിലേക്ക് തെരഞ്ഞെടുക്കാത്തതിലെ നീരസമാണ് ആരോപണത്തിന് അടിസ്ഥാനം. തന്നെ കേസിലുള്‍പ്പെടുത്തിയത് ഗൂഢ ലക്ഷ്യത്തോടെ ആണെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു.

പരാതി നല്‍കിയത് 15 വര്‍ഷത്തിന് ശേഷമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുമുണ്ടായിരുന്നു.

നിലവിൽ താൻ അസുഖബാധിതനായി ചികിത്സയിലാണ്. പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.

രഞ്ജിത്തിന്‍റെ ‘പാലേരിമാണിക്യം’ സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈം​ഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നടി ഇമെയിലായി നൽകിയ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെതിരേ കേസെടുത്തത്. അതിനിടെ കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസ് രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗിക അതിക്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് മദ്യം നൽകി പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പ്രത്യേക പൊലീസ് സംഘത്തിനും യുവാവ് മൊഴി നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *