ആലപ്പുഴ: കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ ഫലം കണ്ടത് പ്രതികളുടെ മാസങ്ങളായുള്ള ശ്രമം. കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ(73) കൊലപ്പെടുത്തി കുഴിച്ചിട്ടത് ദീർഘനാളായുള്ള അടുപ്പം പോലും വകവെയ്‌ക്കാതെ.
കേസിൽ എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ഷർമ്മിള(52), ആലപ്പുഴ മാരാരിക്കുളം പള്ളിപ്പറമ്പിൽ മാത്യൂസ്(35), ഇയാളുടെ പിതൃസഹോദരന്റെ മകൻ മാരാരിക്കുളം കാട്ടൂർ പനേഴത്ത് റെയ്നോൾഡ്(61) എന്നിവരാണ് അറസ്‌റ്റിലായത്.
പ്രതികൾ മൂന്ന് പേരും ചേർന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ച് കൊന്ന് കുഴിച്ച് മൂടിയെന്നാണ് കേസ്. റെയ്നോൾഡിന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ല.
ഇയാൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പ്രതികളെ റിമാൻ്റ് ചെയ്‌തു. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുന്നതിന് 18ന് അപേക്ഷ നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറഞ്ഞു.