Timely news thodupuzha

logo

തൃശൂർ പൂരം കലക്കിയതിൽ നടപടിയില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്ന് പറയുമെന്ന് വി.എസ് സുനിൽ കുമാർ

തൃശൂർ: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെങ്കിൽ തനിക്കറിയാവുന്ന ചില കാര്യങ്ങൾ തുറന്ന് പറയുമെന്ന് തൃശൂരിലെ ഇടത് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽ കുമാർ. പൂരം അലങ്കോലമായതുമായ ബന്ധപ്പെട്ട് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന വിവാരാവകാശ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സി.പി.ഐ നേതാവിന്‍റെ തുറന്ന് പറച്ചിൽ.

പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നില്ലെന്ന മറുപടി ലഭിച്ചത് ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണ്.

സംഭവവുമായി ബന്ധപ്പെട്ട് വിവിധോ ദേവസ്വം ബോർഡ് അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം നാടകമായിരുന്നോ ആർക്ക വേണ്ടിയാണതൊക്കെ ചെയ്തത്. ഇക്കാര്യം ഈ നിലയ്ക്കാണ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കിൽ ഗുരുതരമാണെന്നു സുനിൽ കുമാർ പറഞ്ഞു.

തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമാണെന്ന് പലരും വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ അതിന് പിന്നിൽ ആസൂത്രിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർ മാത്രമല്ല അതിൽ പങ്കാളികൾ. അതിന് പിന്നിലുള്ളവർ മുഴുവനും പുറത്തു വരണമെന്നത് സമൂഹത്തിന്‍റെ ആവശ്യമാണെന്നും സുനിൽ കുമാർ പറഞ്ഞു.

വിഷയത്തിൽ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും വിവരാവകാശ അപേക്ഷ സമർപ്പിക്കും. ഇനിയും നടപടി എടുക്കാതെ മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ തനിക്കറിയാവുന്ന പലതും ജനങ്ങളോട് പറയും. അതിന് താൻ ബാധ്യസ്ഥനാണ്. തൃശൂർക്കാരനെന്ന നിലയിലാണിത് പറയുന്നതെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *