Timely news thodupuzha

logo

സിനിമാ സംവിധായകൻ കെ വിശ്വനാഥിന് വിട

ഹൈദരാബാദ്: പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

വളരെ പ്രശസ്തി നേടിയ ചിത്രമായ ശങ്കരാഭരണത്തിൻറെ സംവിധായകനാണ് വിശ്വനാഥ്. കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയതലത്തിൽ ഖ്യാതി നേടിക്കൊടുത്ത ഇദ്ദേഹം 6 പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിനിടെ 53 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 1965 ൽ പുറത്തിറങ്ങിയ ആത്മഗൗരവം ആണ് വിശ്വനാഥ് സംവിധാനം ചെയ്ത ആദ്യ സിനിമ. ഇതിന് മികച്ച നവാഗത സംവിധായകനുള്ള നന്ദി അവാർഡ് ലഭിച്ചു.

സാഗരസംഗമം, സ്വാതി മുത്യം, സ്വർണകമലം, ആപത്ബാന്ധവുഡു തുടങ്ങിയവ വിശ്വനാഥിൻറെ ശ്രദ്ധേയ സിനിമകളിൽ ചിലതാണ്. 2010ൽ റിലീസ് ചെയ്ത സുപ്രഭാതം ആണ് തിരക്കഥാകൃത്തും അഭിനേതാവും കൂടിയായിരുന്ന ഇദ്ദേഹത്തിൻറെ അവസാന സിനിമ. തെലുങ്കിന് പുറമേ 6 ഹിന്ദി സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. 5 ദേശീയ അവാർഡുകൾ, 6 സംസ്ഥാന നന്ദി അവാർഡുകൾ, 10 സൗത്ത് ഇന്ത്യൻ ഫിലിംഫെയർ അവാർഡുകൾ, ഒരു ബോളിവുഡ് ഫിലിംഫെയർ അവാർഡ് തുടങ്ങിയവ വിശ്വനാഥിന് ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *