ജറൂസലം: പശ്ചിമേഷ്യയെ യുദ്ധത്തിലേക്കു തള്ളിയിട്ട് ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്‍റെ ഒന്നാം വാർഷികത്തിൽ ഗാസയിലും ലെബനനിലും കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ.
ലെബനന്‍റെ ചരിത്രത്തിലെ ഭീകര രാത്രിയെന്നു രാജ്യാന്തര മാധ്യമം വിശേഷിപ്പിച്ച ഞായറാഴ്ച രാജ്യത്താകെ 23 പേർ ഇസ്രേലി ആക്രമണങ്ങളിൽ മരിച്ചു. 100ലേറെ പേർക്ക് പരുക്ക്.
ഹിസ്ബുള്ള കമാൻഡർ ഖാദർ അൽ തവ്‌ലിയെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. ഗാസയിൽ ദേർ അൽ ബലയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ മരിച്ചു.
ഹമാസിനെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണമാണിതെന്ന് ഇസ്രയേൽ. ലെബനനിൽ കൂടുതൽ പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ നിർദേശം നൽകിയ ഇസ്രയേൽ ഗാസ അതിർത്തിയിലേക്കു കൂടുതൽ കരസേനയെ എത്തിച്ചു.
ഇറാന്‍റെ ആണവനിലയങ്ങൾ ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് യുകെയിൽ ഇസ്രയേൽ അംബാസഡർ വ്യക്തമാക്കി. ഇതിനിടെ, തെക്കൻ ഇസ്രയേലിലെ ബീർഷേബ ബസ് സ്റ്റേഷനിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ ബോർഡർ പൊലീസ് ഉദ്യോഗസ്ഥ ഷിറ സുസ്‌ലിക്ക് കൊല്ലപ്പെട്ടു.
10 പേർക്കു പരുക്കേറ്റു. അക്രമിയെ വെടിവച്ചു കൊന്നതായി ഇസ്രയേൽ. ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലാകെ ആക്രമണം നടത്തിയെന്ന് ഇസ്രേലി പ്രതിരോധ വകുപ്പ് അറിയിച്ചു.
ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളും മറ്റു സംവിധാനങ്ങളും തകർത്തു. ബെയ്റൂട്ടിന്‍റെ തെക്കൻ മേഖലയിൽ നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
ബെയ്റൂട്ടിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിന് സമീപത്തെ കെട്ടിടവും ഹിസ്ബുള്ളയുടെ റേഡിയോ വിഭാഗം അൽ മനാറിന്‍റെ കേന്ദ്രവും തകർന്നു.
മുന്നറിയിപ്പ് നൽകി സാധാരണക്കാരെ ഒഴിപ്പിച്ചശേഷമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ. എന്നാൽ, പാർപ്പിട സമുച്ചയങ്ങളിലേക്ക് ആയുധങ്ങൾ മാറ്റി, സാധാരണക്കാരിലേക്ക് ആക്രമണം വ്യാപിപ്പിക്കാൻ ഹിസ്ബുള്ള ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു. കഴിഞ്ഞ വർഷം ഒക്റ്റോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിൽ കടന്നുകയറി 1200 പേരെ കൊലപ്പെടുത്തുകയും 250ലേറെ പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്.
ബന്ദികളിൽ നൂറോളം പേർ ഇപ്പോഴും ഹമാസിന്‍റെ തടവിലാണ്. ഇവരിൽ പകുതിയോളം കൊല്ലപ്പെട്ടെന്നു കരുതുന്നു. ഹമാസിനു തിരിച്ചടി നൽകാൻ ഇസ്രയേൽ പിറ്റേന്ന് ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ 42000ലേറെ പേർ കൊല്ലപ്പെട്ടു.
ഹമാസിനൊപ്പം യുദ്ധമുഖം തുറന്ന ഹിസ്ബുള്ളയ്ക്കും ഹൂതികൾക്കുമെതിരേയും ഇസ്രയേൽ സൈനിക നടപടി തുടരുകയാണ്. ഹിസ്ബുള്ളയ്ക്കെതിരായ യുദ്ധത്തിൽ ലെബനനിൽ 1400 പേർ മരിച്ചു.
ഇതിനിടെ, ഹമാസ് മേധാവി ഇസ്മായിൽ ഹനിയ, മുതിർന്ന കമാൻഡർ മുഹമ്മദ് ദേയിഫ്, ഹിസ്ബുള്ള മേധാവി ഹസൻ നസറുളള തുടങ്ങി പ്രധാനികളെ ഇസ്രയേൽ വധിച്ചു. ഒക്റ്റോബർ ഏഴിലെ ആക്രമണത്തിന്‍റെ ആസൂത്രകൻ യഹിയ സിൻവറാണ് ഇനി അവശേഷിക്കുന്നവരിൽ പ്രധാനി.