തൊടുപുഴ ഒളമറ്റത്ത് സ്കൂട്ടറിന്റെ ഉള്ളിൽ കയറിയ പാമ്പിനെ തൊടുപുഴ ഫയർഫോഴ്സ് പിടികൂടി. ഇന്ന് വൈകിട്ട് നാലേകാലിന് ആയിരുന്നു സംഭവം. ഇടവെട്ടി സ്വദേശിനിയായ തണ്ണിക്കാട്ട് ശ്രീലക്ഷ്മി സ്കൂട്ടർ ഓടിക്കുന്ന സമയത്താണ് പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് പോകുന്ന സമയത്ത് ആയിരുന്നു സംഭവം ഉണ്ടായത്. പാമ്പ് ദേഹത്ത് കൂടി ഇഴഞ്ഞെങ്കിലും കടിയേറ്റില്ല. ഉടൻ തന്നെ വാഹനം നിർത്തി സമീപവാസികളെ വിളിച്ചുകൂട്ടി. വാഹനം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ തന്നെ സഹായത്തിനായി ഫയർഫോഴ്സിനെ വിളിച്ചറിയിച്ചു. ഉടൻതന്നെ സ്ഥലത്തെത്തിയ സേനാംഗങ്ങൾ ടൂൾസ് ഉപയോഗിച്ച് സ്കൂട്ടർ ഭാഗങ്ങൾ അഴിച്ചു മാറ്റുകയും പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് ഹെഡ് ലൈറ്റിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പിനെ സ്വതന്ത്രമാക്കുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറിലധികം സമയം പ്രയത്നിച്ചാണ് പാമ്പിനെ കണ്ടെത്തിയത്. സ്കൂട്ടർ പാർക്ക് ചെയ്ത സമയത്ത് എപ്പോഴെങ്കിലും പാമ്പ് കയറിയെന്നാണ് അനുമാനിക്കുന്നത്. സീനിയർ ഫയർ ഓഫീസർ എം എൻ വിനോദ് കുമാർ, ഫയർ ഓഫീസർമാരായ ബിബിൻ എ തങ്കപ്പൻ, വിവേക് ടി കെ, ലിബിൻ ജെയിംസ്, ഹോം ഗാർഡ് ബെന്നി എം പി എന്നിവരായിരുന്നു ഫയർഫോഴ്‌സ് സംഘത്തിൽ ഉണ്ടായിരുന്നത്.