കെ കൃഷ്ണമൂർത്തി
മൂന്നാർ: അവധി ദിവസങ്ങളിൽ മലയാളിയുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ മുന്തിരി തോപ്പുകൾ. ഇടുക്കിയുടെ കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളാണ് മുന്തിരിപ്പാടവും സന്ദർശിക്കാനെത്തുന്നത്. ഇടുക്കിയുടെ കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളാണ് മുന്തിരിപ്പാടവും സന്ദർശിക്കാനെത്തുന്നത്. തമിഴ്‌നാട്ടിൽ ഇപ്പോൾ മുന്തിരിയുടെ പ്രധാനവിളവെടുപ്പ് കാലമാണ്. കേരള – തമിഴ്‌നാട് അതിർത്തി ഗ്രാമപ്രദേശമായ കമ്പത്തോട് ചേർന്ന് കിടക്കുന്ന ഗൂഡല്ലൂരും ചുരുളി പെട്ടിയും കെ.കെ പെട്ടിയും തേവർ പെട്ടിയുമൊക്കെ മുന്തിരി കൃഷിക്ക് പ്രശസ്തമാണ്. കിലോമീറ്ററുകളോളം ദൂരത്തിൽ പന്തൽ വിരിച്ച് നിർത്തിയിരിക്കുന്ന മുന്തിരിത്തോപ്പുകളുടെ കാഴ്ചയാണ് എങ്ങും. വർഷത്തിൽ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്.
ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് പ്രധാന വിളവെടുപ്പ് കാലം. പ്രധാന സീസണിൽ അല്ലാതെയും വർഷം മുഴുവൻ വിളവ് ലഭിക്കുന്ന രീതിയിലാണ് ഇവിടെ കൃഷി പരിപാലിക്കുന്നത്. മുന്തിരി പാടങ്ങളുടെ കാഴ്ചകൾ തേടി കമ്പത്തേക്ക് എത്തുന്ന സഞ്ചാരികളിൽ ഏറിയ പങ്കും മലയാളികളാണ്. കേരളത്തിൽ അവധി ആണെങ്കിൽ മുന്തിരിപാടങ്ങൾ സഞ്ചാരികളെ കൊണ്ട് നിറയും.
ഓണാവധി പിന്നിട്ടെങ്കിലും ഇപ്പോഴും മലയാളികൾ ധാരാളമായി എത്തുന്നുണ്ട്. വിളവെടുപ്പ് കാലമായതിനാൽ അവധി ദിവസങ്ങളിൽ തിരക്ക് വർധിക്കും. മുന്തിരി തോപ്പുകളുടെ കാഴ്ച ആസ്വദിയ്ക്കുന്നതിനൊപ്പം മുന്തിരി വാങ്ങുന്നതിനും തോട്ടങ്ങളിൽ അവസരം ഒരുക്കിയിട്ടുണ്ട്.