ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർ പദവികളിൽ അഴിച്ചുപണിക്ക് സാധ്യത. കേരള, യു.പി, ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ കേന്ദ്രഭരണ പ്രദേശങ്ങൾ, ദാദർ നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ ഗവർണർ പദവിയിൽ തുടർച്ചയായി മൂന്ന് മുതൽ അഞ്ച് വർഷം വരെ പിന്നിട്ട് സാഹചര്യത്തിലാണ് പുനഃസംഘടനയ്ക്ക് സാധ്യതയുള്ളത്. ജമ്മു കാശ്മീർ, ഹരിയാന എന്നിവിടങ്ങളിൽ പുതിയ സർക്കാർ രൂപീകരണത്തിന് ശേഷമോ മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമോ ആവും ഇത്തരത്തിൽ പുനഃസംഘടനയ്ക്ക് സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരളത്തിന്‍റേയോ ജമ്മു കാശ്മീരിന്‍റേയോ ഗവര്‍ണറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. നാവികസേന മുന്‍ മേധാവിയാണ് ദേവേന്ദ്ര കുമാര്‍.
നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറാണ് ഇദ്ദേഹം. ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വർഷം കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന് പുറമെ, പദവിയില്‍ മൂന്ന് വര്‍ഷം പിന്നിട്ട കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹലോട്ട്, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള എന്നിവര്‍ക്കും അഞ്ച് വര്‍ഷം പിന്നിട്ട ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ എന്നിവർക്കും മാറ്റമുണ്ടയേക്കും.
ജമ്മു കശ്മീര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ പദവിയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ മനോജ് സിന്‍ഹയ്ക്ക് പകരം ആര്‍.എസ്.എസ് നേതാവും ബി.ജെ.പി മുന്‍ ജനറല്‍ സെക്രട്ടറിയുമായ രാം മാധവ് പുതിയ ലെഫ്റ്റനന്‍റ് ഗവര്‍ണറായേക്കുമെന്നാണ് സൂചന.