വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള നേതാക്കളെ രാജ്യത്തിന് ലഭിച്ചത് ഈശ്വരാനുഗ്രഹമെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യർ സ്വാമി വിജയേന്ദ്ര സരസ്വതി.
നമ്മുടെ രാജ്യം വലിയ പുരോഗതി കൈവരിച്ചു. അതിന് പിന്നിലെ പ്രധാന ഘടകം ശക്തമായ നേതൃത്വമാണ്. മോദിയെപ്പോലുള്ള നേതാക്കളെ ലഭിച്ചത് ഈശ്വരാനുഗ്രഹം.
മോദിയിലൂടെ ദൈവം മഹത്തായ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും സ്വാമി വിജയേന്ദ്ര സരസ്വതി. വാരാണസിയിൽ ആർ.ജെ ശങ്കര നേത്രാലയയുടെ ഉദ്ഘാടനച്ചടങ്ങിലാണു പ്രധാനമന്ത്രിക്കു കാഞ്ചി ശങ്കരാചാര്യരുടെ പ്രശംസ. പ്രധാനമന്ത്രിയാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്.
എൻ.ഡി.എ എന്നാൽ നരേന്ദ്ര ദാമോദർ ദാസിൻറെ നിയന്ത്രണം എന്നാണെന്നും അദ്ദേഹം. സുരക്ഷയിലും ക്ഷേമത്തിലും പൗരന്മാരുടെ സുഖ സൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാതൃകാ ഭരണമാണ് മോദിയുടേത്.
സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയുന്ന പ്രധാനമന്ത്രിയാണ് മോദി. അതുകൊണ്ട് അവയെ ഇല്ലാതാക്കാനാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കൊവിഡ് കാലത്ത് എൻ.ഡി.എ സർക്കാർ പുലർത്തിയ സഹാനുഭൂതിയാണ് ഏറ്റവും വലിയ ഉദാഹരണം.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയിലൂടെ ഭക്ഷണം ഉറപ്പാക്കിയ സർക്കാർ രാജ്യത്ത് ഒരാളും വിശന്നു കഴിയുന്നില്ലെന്ന് ഉറപ്പുവരുത്തി. ലോകത്തിനു തന്നെ മാതൃകയാണ് എൻഡിഎ ഭരണം. മറ്റു രാജ്യങ്ങൾക്കും ഇത് പിന്തുടരാവുന്നതാണ്.
കേദാർനാഥിലും സോമനാഥിലും നടക്കുന്ന വികസന പ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ സ്വാമി വിജയേന്ദ്ര സരസ്വതി, കേന്ദ്ര സർക്കാർ സാംസ്കാരിക പുനഃരുദ്ധാരണത്തിന് നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ചു.
ഇന്നലെ വാരാണസിയിലെത്തിയ പ്രധാനമന്ത്രി 6100 കോടി രൂപ ചെലവ് വരുന്ന വിവിധ വിമാനത്താവള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. വാരാണസിയിൽ വിവിധ വികസന സംരംഭങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.