കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം ആത്മഹത‍്യയാണെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പുലർചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോർട്ട്.
നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിൽ ക്രമക്കേട് നടത്തിയെന്നും അതിനുള്ള തെളിവുകൾ തന്‍റെ കയ്യിലുണ്ടെന്നും അത് ആവശ‍്യമുള്ളപ്പോൾ പുറത്തുവിടുമെന്നുമാണ് പി.പി ദിവ‍്യ എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ ആരോപിച്ചിരുന്നത്. ദിവ‍്യയുടെ ആരോപണത്തിന് പിന്നാലെയാണ് എ.ഡി.എം നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ എ.ഡി.എം പെട്രോൾ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ എ ഗീത വ‍്യക്തമാക്കിയിരുന്നു. എൻ.ഒ.സി അനുവദിക്കുന്നതിന് എ.ഡി.എം ഫയൽ വൈകിപ്പിച്ചുവെന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന.