Timely news thodupuzha

logo

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ലെന്ന് കെ.പി.സി.സി

കൽപ്പറ്റ: നേതാക്കളുടെ കൂട്ടത്തോടെയുള്ള ചുരം കയറ്റത്തെ നിയന്ത്രിക്കാൻ കോൺഗ്രസ്. പ്രിയങ്കഗാന്ധിയുടെ പേര് പറഞ്ഞ് നേതാക്കൾ കൂട്ടമായി ചുരം കയറേണ്ടതില്ലെന്നും ചേലക്കരയിലും പാലക്കാടും തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ ആ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കെ.പി.സി.സി കർശന നിർദേശം നൽകി.

പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും തിരിച്ചടി നേരിടേണ്ടി വരുമെന്ന് അറിയാവുന്നതിനാലാണ് കെ.പി.സി.സി കർശന നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചേലക്കരയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെ.സി ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകര്‍.

തെരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ കൃത്യമായും അതത് മണ്ഡലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം നിരീക്ഷകര്‍ക്കാണ്. കെ.പി.സി.സി ഭാരവാഹികള്‍ക്കും സമീപ ജില്ലകളിലെ ഡി.സി.സി പ്രസിഡന്‍റുമാര്‍ക്കും പഞ്ചായത്ത് തലത്തിലാണ് ചുമതലകള്‍ വീതിച്ച് നല്‍കിയത്. പാര്‍ട്ടിയുടെ അഞ്ച് എം.എല്‍.എമാര്‍ക്ക് മാത്രമാണ് വയനാട്ടില്‍ ചുമതല.

Leave a Comment

Your email address will not be published. Required fields are marked *