Timely news thodupuzha

logo

താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് താൽക്കാലിക വെടിനിറുത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ് ഭാരവാഹി യോഗം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലുമടക്കം ഉയരുന്ന പാർട്ടിയിലെ തർക്കങ്ങൾ അടിയന്തരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്നും സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കുമെതിരെ പരസ്യപ്രതികരണങ്ങൾ പാർട്ടിയിൽ നിന്നും ഉണ്ടാവാൻ പാടില്ലെന്നും ജില്ലാ അധ്യക്ഷൻമാരടക്കം നേതാക്കൾക്ക് യോഗത്തിൽ നിർദേശം നൽകി. കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡി.സി.സി പ്രസിഡന്‍റുമാരുടെയും യോഗത്തിലാണ് തീരുമാനം.

വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം യോഗം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.

കോണ്‍ഗ്രസിനെയാണ് സി.പി.എം മുഖ്യശത്രുവായി കാണുന്നതെന്ന് യോഗം വിലയിരുത്തി. ബി.ജെ.പിയോട് സി.പി.എമ്മിനുള്ളത് മൃദു സമീപനമാണെന്നും ഇത് തുറന്ന് കാട്ടണമെന്നും ചർച്ചയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കെ.പി.സി.സി ഭാരവാഹികള്‍ക്കും രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതല യോഗത്തിൽ കെ.പി.സി.സി നിശ്ചയിച്ച് നല്‍കി.

യോഗത്തില്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍,പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *