തിരുവനന്തപുരം: ശ്വാസകോശ അണുബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചത്. ഡോ മഞ്ജുവിൻറെ നേത്യത്വത്തിൽ മെഡിക്കൽ ബോർഡ് രൂപികരിച്ചാണ് ചികിത്സ തുടരുന്നതെന്നും, അദ്ദേഹത്തിൻറെ മകളുമായും ഡോക്ടർമാരുമായി സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു. പനിയെ തുടർന്നാണ് ഇന്നലെ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ ആൻറിബയോട്ടിക്കാണ് നൽകുന്നതെങ്കിലും അണുബാധ മാറിയതിനു ശേഷം തുടർ ചികിത്സ നടത്തും. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി വിവരങ്ങളെക്കുറിച്ച് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കുമെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജിൻറെ ആശുപത്രി സന്ദർശനം.