തൊടുപുഴ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നടപ്പാക്കുന്ന സമന്വയ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്‌ഘാടനം നിർവ്വഹിച്ചു. ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതാണ് പദ്ധതി. കാരിക്കോട് നൈനാർ ജുമാമസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.
തൊഴിൽരഹിതരായ അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തൊട്ടാകെ നടന്നുവരുന്ന തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയും തൊഴിൽ മേളകളും ഉടൻ പൂർത്തീകരിക്കും. സംസ്ഥാനത്തെ ന്യൂനപ ക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളിലെയും അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ജനപ്രതിനിധികൾ, വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കൾ, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.