അങ്കാറ: തുർക്കിയിസും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണം 8000 കടന്നു. തുർക്കിയിൽ മാത്രം 6000 ത്തോളം പേർ മരിച്ചതായും 40,000 ൽ ഏറെ പേർ ചികിത്സയിൽ കഴിയുന്നതായുമാണ് റിപ്പോർട്ടുകൾ. സിറിയയിൽ മരണം 1800 കടന്നു. നാലായിരത്തോളം പേരാണ് ചികിത്സയിലുള്ളത്. ഇരു രാജ്യങ്ങളിലുമായി 20,000 ത്തിധികം പേർ മരിച്ചേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
5775 കെട്ടിടങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കൊടും തണുപ്പും മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നു.
രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും പലയിടങ്ങളിലും എത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതി ബന്ധം പൂർണമായി തകരാറിലാണ്. മൂന്ന് ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടർചലനങ്ങളും ഉണ്ടായതായാണ് കണക്കുകൾ.