തിരുവനന്തപുരം: ഇന്ധനസെസിൽ കുറവുണ്ടാകുമോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസ് 1 രൂപയായി കുറയ്ക്കണമെന്നായിരുന്നു ആദ്യ ചർച്ച. എന്നാൽ എൽഡിഎഫിൽ തന്നെ ഇക്കാര്യത്തിൽ രണ്ടഭിപ്രായമാണ് ഇപ്പോൾ ഉള്ളത്.
സെസ് കുറയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ എം എൽ എ മാർ നിയമസഭ കവാടത്തിൽ സത്യഗ്രഹം നടത്തുന്ന സാഹചര്യത്തിൽ സെസ് കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചർച്ച. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് ശക്തമായി എതിർക്കുന്നുണ്ട്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി നിലപാട് വ്യക്തമാക്കുക. സെസ് കുറച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്നലെയും പല ഇടങ്ങളിലും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. എന്നാൽ സെസ് നില നിർത്തി ഭൂമിയുടെ ന്യായ വില വർദ്ധന 20 ശതമാനത്തിൽ നിന്ന് പത്ത് ശതമാനമായി കുറക്കുന്നതും സർക്കാർ ചർച്ചയിൽ ഉണ്ട്.