അമ്പലപ്പുഴ: കരൂരിൽ കൊന്ന് കുഴിച്ചുമൂടിയ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ(48) മൃതദേഹം കണ്ടെത്തി. പ്രതി ജയചന്ദ്രൻറെ വീടിനു സമീപത്തായി പൊലീസിൻറെ നേതൃത്വത്തിൽ കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തി. മൃതദേഹത്തിൻറെ മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നതിനാൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയതായി ഇയാൾ മൊഴി നൽകിയത്.
നവംബർ 6 നാണ് വിജയലക്ഷ്മിയെ കാണാതാവുന്നത്. കൊലപാതകത്തിന് ശേഷം വിജയലക്ഷ്മിയുടെ ഫോൺ ജയചന്ദ്രൻ ബസിൽ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്.
സ്വിച്ച് ഓഫായ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടെത്തിയ ഫോൺ ബസിലെ കണ്ടക്ടർ എറണാകുളം സെൻട്രൽ പൊലീസിനു നൽകിയത്.
പിന്നീട് വിവരം കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി എറണാകുളത്ത് എത്തിയ ജയചന്ദ്രൻ വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചത്.
തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് അന്വേഷണം എത്തിയത്. പ്രതിക്കെതിരേ ദൃക്‌സാക്ഷി മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് ജയചന്ദ്രൻ. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രൻറെ മൊഴിയിലുണ്ട്. പ്ലയർ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്.