ചെന്നൈ: വിഖ്യാത സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്‌മിയുടെ പേരിലുള്ള പുരസ്‌കാരം, സംഗീതജ്ഞനായ ടി.എം കൃഷ്‌ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി.
പുരസ്‌കാരം നൽകുന്നതിനെതിരെ, സുബ്ബലക്ഷ്‌മിയുടെ കൊച്ചുമകൻ വി ശ്രീനിവാസൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജി ജയചന്ദ്രനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ടി.എം കൃഷ്‌ണ സുബ്ബലക്ഷ്‌മിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയിട്ടുണ്ടെന്നും അതിനാൽ അദ്ദേഹത്തിന് സുബ്ബലക്ഷ്‌മിയുടെ പേരിലുള്ള പുരസ്‌കാരം നൽകരുതെന്നുമാണ് ചെറുമകൻ ശ്രീനിവാസൻ കോടതിയിൽ ആവശ്യപ്പെട്ടത്.
തൻറെ പേരിൽ സ്മാരകങ്ങൾ പാടില്ലെന്ന് സുബ്ബലക്ഷ്‌മിയുടെ വില്പത്രത്തിൽ ഉണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. തുടർന്ന് അക്കാദമിക്ക് ഉചിതം എന്നു തോന്നുന്നെങ്കിൽ കൃഷ്‌ണയ്ക്ക് പുരസ്‌കാരം സമ്മാനിക്കാം, എന്നാൽ സുബ്ബലക്ഷ്‌മിയുടെ പേര് പുരസ്കാരത്തിൽ നിന്നും നീക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, 2005 മുതൽ നൽകി വരുന്ന പുരസ്‌കാരം, ഇത്തവണ കൃഷ്‌ണയ്ക്ക് പ്രഖ്യാപിച്ചപ്പോഴാണ് കുടുംബം ആദ്യമായി എതിർപ്പ് ഉന്നയിച്ചതെന്ന് കോടതിയെ അറിയിച്ചു. എന്നാൽ ചെറുമകൻ നൽകിയ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് മ്യൂസിക് അക്കാദമി നൽകിയ അപേക്ഷയും കോടതി തള്ളുകയായിരുന്നു.