പാലക്കാട്: മണ്ഡലത്തിൽ വ്യാപകമായി ഇരട്ട വോട്ടുകൾ ചേർത്തതായി കണ്ടെത്തിയിട്ടുള്ളതിനാൽ രാഷ്‌ട്രീയ പാർട്ടികളേക്കാൾ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.
വോട്ടിങ്ങ് സാമഗ്രികളുടെ വിതരണം ഇന്നലെ വൈകുന്നേരത്തോടെ ഗവ. വിക്‌റ്റോറിയാ കോളെജിൽ പൂർത്തിയായി. ഇരട്ട വോട്ടും കള്ളവോട്ടും വ്യാപകമായി കണ്ടെത്തിയിട്ടുള്ളതിനാൽ വോട്ടിങ്ങ് യന്ത്രത്തിനൊപ്പം പ്രിസൈഡിങ്ങ് ഓഫിസർമാർക്ക് എ.എസ്.ഡി (അബ്സൻറ്, ഷിഫ്റ്റ്, ഡെത്ത്) ലിസ്റ്റും നൽകിയിട്ടുണ്ട്.
ഈ ലിസ്റ്റിലുള്ളവർ വോട്ടു ചെയ്യുന്നതിന് സത്യവാങ്മൂലം നൽകേണ്ടി വരും. തെറ്റായ സത്യവാങ്മൂലം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാനാണ് ഇലക്ഷൻ കമ്മീഷൻറെ തീരുമാനം. ഇരട്ട വോട്ടുള്ളവരുടെ പട്ടിക എല്ലാ രാഷ്‌ട്രീയ പാർട്ടികളും ശേഖരിച്ചിട്ടുണ്ട്.
പട്ടികയിലുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സി.പി.എം നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. പോളിങ്ങ് ബൂത്തിലെ ഏജൻറുമാർ ഈ നിലപാട് സ്വീകരിച്ചാൽ ബൂത്തുകളിൽ സംഘർഷാവസ്ഥയ്ക്കുള്ള സാധ്യതയും ഇലക്ഷൻ ഉദ്യോഗസ്ഥർ മുന്നിൽ കാണുന്നുണ്ട്.