തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് അറിയിച്ച് കെ സുരേന്ദ്രൻ.
ബി.ജെ.പി കേന്ദ്രനേതൃത്വത്തെയാണ് സുരേന്ദ്രൻ രാജിസന്നദ്ധത അറിയിച്ചത്. എന്നാൽ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായും സുരേന്ദ്രൻ പക്ഷം അവകാശപ്പെടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രൻ പക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാരിൻറെ ജയസാധ്യത അട്ടിമറിച്ചു.
കണ്ണാടി മേഖലയിൽ ശോഭാ സുരേന്ദ്രൻറെ ഡ്രൈവറുടെ നേതൃത്വത്തിൽ വോട്ട് മറിച്ചു. ഏതാനും നഗരസഭ കൗൺസിലർമാർ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെതിരെ പ്രവർത്തിച്ചു.
ഇക്കാര്യങ്ങളെല്ലാം കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്നാണ് സുരേന്ദ്രൻ പക്ഷം ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലത്തിൽ അപ്രതീക്ഷിതമായ വമ്പൻ പരാജയമാണ് സി കൃഷ്ണകുമാർ നേരിട്ടത്.
ബി.ജെ.പി ഭരിക്കുന്ന നഗരസഭയിൽ അടക്കം പാർട്ടിക്ക് വൻതോതിൽ വോട്ട് ചോർച്ചയുമുണ്ടായി. ഇതിൽ കെ സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.
വി മുരളീധരനും പാലക്കാട്ടെ തോൽവിയിൽ അതൃപ്തി അറിയിച്ചിരുന്നു. മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് ഇതിലെ പ്രധാന വിമർശനം. ഇത്തരത്തിൽ പലയിടങ്ങളിൽ നിന്നായി വിമർശനങ്ങൾ ഉയർന്നതോടെയാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്.