പത്തനംതിട്ട: തിരുവല്ല മുത്തൂരിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. മരം മുറിക്കാൻ നഗരസഭയിൽ നിന്ന് കരാറെടുത്ത കവിയൂർ സ്വദേശി പി.കെ രാജനാണ് അറസ്റ്റിലായത്.
കരാറുകാരനാണ് അപകടത്തിൻറെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായെന്ന് പൊലീസ് പറയുന്നു. കേസിൽ നേരത്തെ കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയുൾപ്പടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെത്തിരുന്നു. യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചിരുന്നില്ല.
മുന്നറിയിപ്പ് ബോർഡുകളോ കോണോ വച്ചില്ലെന്നും സി.ഐ പറഞ്ഞു. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ച് കെട്ടിയ കയർ ആലപ്പുഴ തകഴി സ്വദേശി സെയ്ദിൻറെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുരുങ്ങിയതിനെ തുടർന്ന് സെയ്ദ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സെയ്ദ് തൽക്ഷണം മരിച്ചതായാണ് റിപ്പോർട്ടുകൾ. വീണ് പരുക്കേറ്റ ഭാര്യയെയും മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.