കണ്ണൂർ: മുതിർന്ന സി.പി.എം നേതാവ് ജി സുധാകരൻറെ പാതിമനസ് ബി.ജെ.പിയോടൊപ്പമെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ. മനസുകൊണ്ട് ജി സുധാകരനും ഭാര്യയും ബി.ജെ.പിയിൽ അഗത്വം സ്വീകരിച്ച് കഴിഞ്ഞു. അദ്ദേഹത്തിൻറെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നുവെന്നും സംസാരിച്ചെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
വീടിൻറെ ഗേറ്റിൽ വന്നാണ് സുധാകരൻ സ്വീകരിച്ചത്. അദ്ദേഹത്തെ ഷാൾ അണിയിച്ച് തിരിച്ചും സ്വീകരിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായ ഗോപാലകൃഷ്ണൻ പ്രസംഗത്തിൽ പറഞ്ഞു.
തളിപ്പറമ്പിൽ കെ.റ്റി ജയകൃഷ്ണൻ അനുസ്മരണ പരിപാടിയിലായിരുന്നു ഗോപാലകൃഷ്ണൻറെ അവകാശവാദം. ആലപ്പുഴയിലെ മാർക്‌സിസ്റ്റ് പാർട്ടി എന്നാൽ ജമാ അത്തെ ഇസ്ലാമിയാണ്. ഭീകരവാദികളാണ് ആലപ്പുഴയിലെ സി.പി.എമ്മിൽ. ഭീകരവാദികളുടെ നുഴഞ്ഞ് കയറ്റത്തിൽ ജി സുധാകരനും ഭാര്യയുമടക്കമുള്ളവർ ദുഃഖിതരാണെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
ജി സുധാകരനെ ബി.ജെ.പി നേതാക്കൾ സ്വാഗതം ചെയ്യുന്നതിനിടയിലാണ് ഗോപാലകൃഷ്ണൻറെ അവകാശവാദം. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ ജി സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ചു.
അതൃപ്തർക്ക് സ്വാഗതമെന്ന് പറഞ്ഞാണ് സുധാകരനെ പേരെടുത്ത് പറയാതെ സുരേന്ദ്രൻ സ്വാഗതം ചെയ്തത്. ജി സുധാകരൻ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങൾ വാസ്തവമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സി.പി.എമ്മിൽ മണൽ മാഫിയ സംഘവും കള്ളക്കടത്തുകാരും പിടിമുറുക്കിയിരിക്കുകയാണെന്നും അതാണ് അദ്ദേഹത്തിൻറെ ആരോപണമെന്നും സുരേന്ദ്രൻ പറഞ്ഞു.
നിരോധനത്തിന് ശേഷം ആലപ്പുഴയിലും കണ്ണൂരിലും കായംകുളത്തും പോപ്പുലർ ഫ്രണ്ടിൽ നിന്നും വ്യാപകമായി ആളുകളെ ഡി.വൈ.എഫ്.ഐയിലേക്കും സി.പി.ഐ.എമ്മിലേക്കും റിക്രൂട്ട് ചെയ്യുകയാണ്.
ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സി.പി.ഐ.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് വലിയ ഒഴുക്കുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പലഘട്ടങ്ങളിൽ സുധാകരൻ പാർട്ടിയെ വിമർശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു.
ഇതിന് പിന്നാലെ സി.പി.ഐ.എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചർച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു.
സുധാകരൻറെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആർ നാസറിൻറെ പ്രതികരണം.
പാർട്ടി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവിൽ പാർട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തിരുന്നു. അതേസമയം, ജി സുധാകരനുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
സുധാകരൻറെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമായിരുന്നുവെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും അദ്ദേഹവുമായി സൗഹൃദമുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.