ഇടുക്കി: സി എച്ച് ആർ കള്ളപ്രചരണങ്ങൾ തുറന്നുകാണിക്കാനും വസ്തുതകൾ വിവരിക്കാനുമായി സിപിഐ നേതൃത്വത്തിൽ ഡിസംബർ മൂന്നിന് നടത്തുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ അഭ്യർത്ഥിച്ചു. കാർഡമം ഹിൽ റിസർവ് എന്നറിയപ്പെടുന്ന ഏലമല പ്രദേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ ഇടക്കാല വിധി ജില്ലയിലെ ആറു ലക്ഷത്തോളം മനുഷ്യരെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്.
1897ലെ രാജ വിളംബരം അനുസരിച്ച് 15,720 ഏക്കർ ഭൂമി ഏല കൃഷിക്കായി പ്രത്യേകം മാറ്റിവെച്ചു. 1957-ൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കാലത്ത് തന്നെ ഏലമല പ്രദേശം റവന്യൂ ഭൂമിയാണെന്നും, വൃക്ഷങ്ങളുടെ സംരക്ഷണ ചുമതല മാത്രമാണ് വനവകുപ്പിനുള്ളതെന്നും വ്യക്തമായി തീരുമാനിച്ചിട്ടുള്ളതാണ്. പിന്നീട് അധികാരത്തിൽ വന്ന എല്ലാ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളും ഈ നിലപാട് ആവർത്തിച്ചു തീരുമാനിക്കുകയും സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2001ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ ആവട്ടെ കർഷകരോട് ഈ കാര്യത്തിൽ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പരിസ്ഥിതി സംഘടന സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന കേസിൽ സത്യവാങ്മൂലം നൽകണമെന്ന് 2004ലും 2005ലും സുപ്രീംകോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കണ്ടഭാവം നടിക്കാത്ത ഗവൺമെന്റ് ആയിരുന്നു യുഡിഎഫിന്റെതെന്ന് മാത്രമല്ല അന്നത്തെ സംസ്ഥാന മന്ത്രി റ്റി.എൻ ജേക്കബ് അന്നത്തെ ഗവർണർ ആയിരുന്ന ആർ.എൽ ഭാട്ടിയയ്ക്ക് നൽകിയ നിവേദനത്തിൽ ഏലമല കാടുകൾ റിസർവ് വനമാണെന്നും ഇത് 334 ചതുരശ്ര കിലോമീറ്റർ ആണെന്ന് വ്യക്തമാക്കി.
ഈ വഞ്ചനാപരമായ നിലപാട് മറച്ചുവലിക്കുന്നതിനാണ് യുഡിഎഫും ഡീൻ കുര്യാക്കോസ് എംപിയും കള്ളക്കഥകൾ മെനയുന്നതെന്ന് സലിംകുമാർ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതിനായി നാളെ കട്ടപ്പന, നെടുങ്കണ്ടം, കുമളി, എന്നിവിടങ്ങളിൽ ബഹുജന കൂട്ടായ്മകൾ നടത്തുകയാണ്. നെടുങ്കണ്ടത്ത് ജില്ലാ സെക്രട്ടറി കെ സലിംകുമാറും, കട്ടപ്പനയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫും, കുമളിയിൽ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമനും ഉദ്ഘാടനം ചെയ്യും.
വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ വികെ ധനപാൽ, ജോസ് ഫിലിപ്പ്, വാഴൂർ സോമൻ എം.എൽ.എ, പി പളനിവേൽ ,പ്രിൻസ് മാത്യു ,ജി എൻ ഗുരുനാഥൻ , സി യു ജോയ്, എം കെ പ്രിയൻ, കെ ജി ഓമനക്കുട്ടൻ, വി ആർ ശശി, ഇ എസ് ബിജിമോൾ, വി കെ ബാബുക്കുട്ടി,ജെയിംസ് ടി അമ്പാട്ട് , കെ സി ആലീസ് ,ജോസഫ് കടവിൽ എന്നിവർ സംസാരിക്കും.