തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് വർധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും മന്ത്രി പറഞ്ഞു.
റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പു കഴിഞ്ഞ് റിപ്പോർട്ട് ഉടൻ കെഎസ്ഇബിക്ക് കൈമാറും. റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ വിഷയത്തിൽ ചർച്ച നടത്തും.
സർക്കാരുമായും ജനങ്ങളുമായും ചർച്ച ചെയ്ത് അധികം ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ തീരുമാനം നടപ്പിലാക്കാനാണ് നീക്കം. സമ്മർ താരിഫ് കൊണ്ടു വരുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്.
എങ്കിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 70 ശതമാനം വൈദ്യുതി പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണിപ്പോൾ. ഹൈഡ്രൽ പ്രോജക്റ്റുകൾ പൂർത്തിയാകാത്തതും തിരിച്ചടയാകുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.