തിരുവനന്തപുരം: ആലപ്പുഴയിൽ നവജാത ശിശുവിന് അപൂർവ വൈകല്യം കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും പിഴവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്.
ചികിത്സയിൽ ഡോക്ടർമാർക്ക് പിഴവുണ്ടായിട്ടില്ല, അമ്മയ്ക്ക് നടത്തിയ ആദ്യ സ്കാനിങ്ങിൽ കുഞ്ഞിനുള്ള വൈകല്യം കണ്ടെത്താനാവാത്തതാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ വൈകല്യങ്ങളോടെ കുഞ്ഞ് പിറക്കാനിടയായ സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അമ്മയ്ക്ക് നടത്തിയ അനോമലി സ്കാനിങ്ങിൽ കുഞ്ഞിൻറെ വൈകല്യങ്ങൾ കണ്ടെത്താനായില്ല. എന്നാൽ ഗർഭിണിയായ യുവതിയേയും കുടുംബത്തേയും കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യത്തിൽ ഡോക്‌ടർക്ക് താക്കീത് നൽകേണ്ടതുണ്ട്. ചെറിയ ചില വൈകല്യങ്ങൾ സ്‌കാനിങ്ങിൽ നിർണയിക്കാനാവണമെന്നില്ല. അതേസമയം നട്ടെല്ല്, കൈകാലുകൾ തുടങ്ങിയവയുടെ പ്രശ്‌നങ്ങൾ സ്‌കാനിങ്ങിൽ നിർണയിക്കാനാകും.
ഫ്‌ളൂയിഡ് കൂടുതലാണെന്നും വൈകല്യങ്ങൾക്ക് സാധ്യതയുണ്ടെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. കുഞ്ഞിൻറെ ചികിത്സക്കായി മെഡിക്കൽ ബോർഡ് വേണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.