തൊടുപുഴ: തൊടുപുഴയിൽ ജില്ലാ ആശുപത്രിയെന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ ആശുപത്രിയിൽ ഇ.എൻ.റ്റി വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതു മൂലം രോഗികൾ ദുരിതത്തിൽ. ഇവിടെ ജോലി ചെയ്തിരുന്ന ഇ.എൻ.റ്റി സ്പെഷ്യലിസ്റ്റ് റിക്വസ്റ്റ് നൽകി മറ്റൊരു സ്ഥലത്തേക്ക് മാറ്റം വാങ്ങിയതോടെയാണ് ചെവിയും മൂക്കും തൊണ്ടയും തകരാറിലായ രോഗികൾ ദുരിതത്തിലായത്. പകരം ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിദിനം നൂറ് കണക്കിന് പാവപ്പെട്ട രോഗികൾ ചെവിയുടെയും മൂക്കിന്റെയും തൊണ്ടയുടെയും ചിക്ത്സതേടി ഇവിടെയെത്തി നിരാശരായി മടങ്ങുകയാണ്.
ജില്ലാ ആശുപത്രി എന്ന നാമകരണവും എട്ട് നില മന്ദിരവും ഉണ്ടെന്നതൊഴിച്ചാൽ ഇവിടെ ഡോക്ടർമാരുടെ തസ്തികകൾ പലതും ഒഴിഞ്ഞ് കിടക്കുകയാണ്. ആധുനിക ചികിത്സാ ഉപകരണങ്ങൾ നിരവധി ഉണ്ടെങ്കിലും അവയുടെ ടെക്നീഷ്യന്മാർ ആവശ്യത്തിന് ഇല്ലാത്തതുമൂലം അവയെല്ലാം പ്രവർത്തിക്കാത്ത സാഹചര്യമാണ്. സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിൽ ഭൂരിഭാഗത്തിലും ഡോക്ടർമാർ ഇല്ലാത്ത സ്ഥിതിയാണ്. അടുത്ത നാളിൽ ജില്ലാ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി മാറ്റണമെന്ന് ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ സമ്മേളനം ആവശ്യപ്പെട്ടിരുന്നു. ഉള്ള തസ്തികകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുവാൻ ഈ ആവശ്യം ഉന്നയിച്ച പാർട്ടിയുടെ നേതാക്കൾ സമ്മർദ്ദം ചെലുത്തണമെന്നാണ് പാവപ്പെട്ട രോഗികളുടെ അഭ്യർത്ഥന. ന്യൂറോ വിഭാഗത്തിൽ തൊടുപുഴ ജില്ലാ ആശുപത്രി വിദഗ്ധ സേവനം നൽകിയതായി രണ്ട് വർഷം മുമ്പ് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് മാധ്യമങ്ങളിൽ പറഞ്ഞിരുന്നു.
ന്യൂറോ വിഭാഗം ചികിത്സയ്ക്കുള്ള ആധുനിക ഉപകരണങ്ങൾ എത്തിച്ച ശേഷം ഒരു രോഗിയെ ചികിത്സിച്ച് രോഗ വിമുക്തനാക്കിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ മന്ത്രി അഭിമാനം പ്രകടിപ്പിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ന്യൂറോ ഡോക്ടറെ കോട്ടയം ജില്ലയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അതോടെ ന്യൂറോ വിഭാഗത്തിന്റെ പ്രവർത്തനവും നിലച്ചു. ഉപകരണങ്ങൾ തുരുമ്പെടുക്കുന്ന അവസ്ഥയിലും.