ആലപ്പുഴ: കളർകോടിലുണ്ടായ വാഹനാപകടതെത്തുടർന്ന് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
അപകടത്തിന് ഇടയാക്കിയത് പ്രധാനമായും നാല് കാരണങ്ങളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്. മോട്ടർ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിൻറെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി.
ഏഴ് പേർ യാത്ര ചെയ്യേണ്ട ടവേര വാഹനത്തിൽ 11 പേർ യാത്ര ചെയ്തത് അപകടത്തിൻറെ ആഘാതം വർധിപ്പിച്ചു. ടവേര വാഹനം ഓടിച്ചയാൾക്ക് ലൈസൻസ് നേടി 5 മാസം മാത്രമാണ് ഡ്രൈവിംഗ് പരിചയമുള്ളത്.
അതിനാൽ വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഇയാൾക്ക് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം വാഹനത്തിന് 14 വർഷം പഴക്കമുണ്ട്.
സുരക്ഷ സംവിധാനങ്ങളായ ആൻറി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.